കൊടുങ്ങല്ലൂർ: കൊവിഡ് 19 മഹാമാരി കണക്കിലെടുത്ത് ഇക്കൊല്ലത്തെ ശ്രീ നാരായണ ഗുരുദേവ ജയന്തി ആർഭാടം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ യൂണിയൻ കൗൺസിൽ തീരുമാനിച്ചു. അതിന്റെ ഭാഗമായി ശ്രീ നാരായണ ഗുരുദേവ ജയന്തി ദിനമായ സെപ്തംബർ രണ്ടിന് ബുധനാഴ്ച
രാവിലെ എല്ലാ ഭവനങ്ങളിലും ശാഖകളിലും ഗുരുമന്ദിരങ്ങളിലും ജംഗ്ഷനുകളിലും കൊടിതോരണം അലങ്കരിച്ച് ഗുരുദേവ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനകളും സംഘടിപ്പിക്കേണ്ടതാണ് .

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും പാലിച്ചിരിക്കുകയും വേണം. വടക്കേ നടയിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിന്റെ പരിസരത്തായി രാവിലെ 9 ന് ഗുരുദേവ ചിത്രത്തിൽ നടക്കുന്ന പുഷ്പാർച്ചനയോടെ യൂണിയൻ തല ജയന്തി ദിനച്ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് യൂണിയൻ ഹാളിൽ ഗുരുപൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പരായണം, പ്രഭാഷണം എന്നിവ നടക്കും. ഗുരുപൂജയ്ക്ക് ശ്രീനാരായണ വൈദിക സമിതി കൊടുങ്ങല്ലുർ യൂണിയൻ മുഖ്യകാർമ്മികത്വം വഹിക്കും. യൂണിയൻ കൗൺസിൽ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. കെ രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം, യൂണിയൻ നേതാക്കളായ സി. ബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ. ഡി വിക്രമാദിത്യൻ, എം. കെ തിലകൻ, പി. വി കുട്ടൻ, എൻ. വൈ അരുൺ, കെ.ജി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.