ചാലക്കുടി: ഒരിക്കലും എന്നോടി ചതി ചെയ്യരുതെ,,,,,, ഞാനറിഞ്ഞില്ല എന്റെ ദൈവമെ. ഈ പാട്ടിന്റെ പൊരുൾ അക്ഷരാർത്ഥത്തിൽ അനുയോജ്യമാകുന്നത് ഓണംകളിക്കാർക്കുതന്നെ. പ്രളയം, അതിവർഷം തുടങ്ങി പ്രകൃതി ദുരന്തങ്ങളെ ചുവടുകൾ വച്ചു കീഴടക്കിയ ഒരു സംഘം കലാകാരന്മാർ കൊവിഡ് വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്നു. ഇനിയെന്തെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഓണക്കാല ആസ്വാദന കലയായി ജില്ലയിൽ നിറഞ്ഞുനിന്ന ഓണം കളിയെയാണ് ലക്ഷ്മണ രേഖയാൽ കൊവിഡ് മഹാമാരി തടഞ്ഞിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും എങ്ങനെ ഓണം കളിക്കാനാകും. മാത്രമല്ല, കാണാളില്ലെങ്കിൽ പിന്നെ എന്തു ഓണംകളി? അങ്ങനെ തനി നാടൻ കലാരൂപമായ ഓണം കളിയുടെ ചുവടുകളും കൊവിഡ് വൈറസിന് മുന്നിൽ പതറി നിൽക്കുകയാണ്. മാസങ്ങൾക്ക് മുമ്പേ തുടങ്ങേണ്ട പരിശീലനത്തെക്കുറിച്ച് ഇക്കുറി ആരും ചിന്തിക്കുകപ്പോലും ചെയ്തിട്ടില്ല.

ദേവ കഥകളുമായി പാടിയും ചുവടു വച്ചുമുള്ള അടിസ്ഥാന വിഭാഗങ്ങളുടെ ഈ കലാരൂപം മഹാപ്രളയത്തിലും കഴിഞ്ഞ വർഷത്തെ പേമാരിയിലും പിടിച്ചു നിന്നു. ഇനി ഇതെല്ലാം ഓർമ്മകളിലൊതുങ്ങുമോ എന്ന ആശങ്കയിലാണ് ഈ കലാപ്രകടനത്തെ നെഞ്ചിലേറ്റുന്ന നൂറുകണക്കിന് കലാകാരന്മാർ. ഓണംകളിച്ചും കളിപ്പിച്ചും വിധികാർത്താവായും നാലു പതിറ്റാണ്ടായി ഈ രംഗത്തെ നിറസാന്നിദ്ധ്യമായ മണപ്പാട്ടിൽ അയ്യപ്പന്റെ ആശങ്കയും ഇതുതന്നെ.

..........................

മദ്ധ്യ കേരളത്തിന്റെ മനസിൽ അനുഭൂതി വിതറിയ കളി

ആദ്യകാലത്ത് കലാകാരന്മാരുടെ എണ്ണംകുറവും ചുവടുകളുടെ ചാരുതയും മദ്ധ്യ കേരളത്തിന്റെ മനസിൽ ഓണംകളിക്ക് വലിയ സ്ഥാനമായിരുന്നു നൽകിയിരുന്നത്. തന്നാട്ടം, ചെമ്പട, മുക്കണ്ണൻ, വരവീണ, രൂപകം എന്നീ അഞ്ചു ചുവടുകളിൽ തിമിർത്തിരുന്ന കളികൾ ആസ്വാദകരുടെ മനസിൽ ആദ്രമായ അനുഭൂതി വിതറിയിരുന്നു. എന്നാൽ പിൽക്കാലത്ത് കലാരംഗത്ത് സംഭവിച്ച മാറ്റങ്ങൾ ഓണംകളിയിലുമുണ്ടായി. 28 ഓളം ഉപ ചുവടുകളുള്ള ചെമ്പടയിൽ ഏറ്റും ലളിതമായവ മാത്രം അടർത്തിയെടുത്ത നൂതന ഓണംകളിയിൽ കൈക്കൊട്ടിനും പാട്ടുകൾക്കും പ്രാധാനമില്ലാതായി. കളിക്കാരുടെ എണ്ണവും പതിനഞ്ചിൽ നിന്നും നാൽപ്പതും അമ്പതുമായി ഉയർന്നു. ഒരു കളിയുടെ ചെലവാകട്ടെ അരലക്ഷത്തിനു മുകളിലും. ഇത്തരം പ്രതിസന്ധികളിൽപ്പെട്ട് താളം തെറ്റി നീങ്ങിയ ഈ കലാപ്രകടനമാണ് ഇപ്പോൾ സ്തംഭിച്ചു നിൽക്കുന്നത്. വനവാസവും രാവണവ വധവുമെല്ലാം കഴിഞ്ഞ് പട്ടാഭിഷേകം നടത്തിയ കഥപോലെ ലോകത്തെ വളഞ്ഞിരിക്കുന്ന മഹാമാരിയെ കീഴടക്കി വരും വർഷമെങ്കിലും ഓണംകളി തിരികെയെത്തുമെന്നാണ് ഈ കലയെ സ്നേഹിക്കുന്നവരുടെ പ്രത്യാശ.