gvr-temple
ക്ഷേത്രം മേൽശാന്തിയുടെ ചുമതലയുള്ള ഓതിയ്ക്കൻ പഴയം സതീശൻ നമ്പൂതിരി ഉത്രാട കാഴ്ചക്കുല സമർപ്പിയ്ക്കുന്നു.

ഗുരുവായൂർ: ഉത്രാടനാളിൽ കണ്ണന് മുന്നിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷമായിരുന്നു കാഴ്ച്ചക്കുല സമർപ്പണം. കൊടിമരത്തിന് കിഴക്കുവശത്ത് അരിമാവണിഞ്ഞ് നിരത്തിയ നാക്കിലകളിൽ മേൽശാന്തിയുടെ ചുമതല വഹിക്കുന്ന ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിച്ചു.

തുടർന്ന് രണ്ട് ശാന്തിയേറ്റ കീഴ്ശാന്തിമാരും ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയും കാഴ്ചക്കുലകൾ സമർപ്പിച്ചു . കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭക്തർക്ക് കാഴ്ച്ചക്കുലകൾ സമർപ്പിക്കുന്നതിനായി ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുരത്തിന് മുൻ വശത്ത് അരിമാവണിഞ്ഞ് നാക്കിലകൾ നിരത്തി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും സാമൂതിരി രാജയുടെ പ്രതിനിധിയും ഗോപുരത്തിന് പുറത്തെ കളത്തിലാണ് കാഴ്ചക്കുലകൾ സമർപ്പിച്ചത്.

തുടർന്ന് നിരവധി ഭക്തർ കാഴ്ച്ചക്കുലകൾ സമർപ്പിച്ചു. ക്ഷേത്രത്തിൽ ലഭിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം ദേവസ്വം ആനത്താവളത്തിലെ ആനകൾക്ക് നൽകി. തിരുവോണത്തിന് ക്ഷേത്രത്തിൽ പഴപ്രഥമൻ തയ്യാറാക്കുന്നതിനായും ഒരു ഭാഗം പഴം മാറ്റി വെച്ചു. ബാക്കി പഴം ലേലം ചെയ്ത് ഭക്തർക്ക് വിതരണം ചെയ്തു. ഇന്നലെ ഉച്ചവരെ നടന്ന ലേലത്തിൽ ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക് പഴം ലേലം ചെയ്തു. ഇന്നലെ വൈകീട്ട് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിക്കുന്നുണ്ട്. ഈ പഴക്കുലകൾ ഇന്ന് ലേലം ചെയ്യും. തിരവോണനാളിൽ ഇന്ന് പുലർച്ചെ ഗുരുവായൂരപ്പന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഓണപ്പുടവകളും സമർപ്പിക്കും.