chess

തൃശൂർ: ഫിഡെ ചെസ് ഒളിമ്പ്യാഡിൽ റഷ്യയുമായി കിരീടം പങ്കിട്ട ടീം ഇന്ത്യ ചരിത്രം കുറിച്ചു. ആദ്യമായാണ് ഇന്ത്യൻ ടീം ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളാവുന്നത്. ഓൺലൈനായി നടത്തിയ ഫൈനൽ മത്സരത്തിനിടെ സെർവർ തകരാർ മൂലം കളി തടസപ്പെട്ടതോടെ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഒന്നാം പാദ മത്സരത്തിൽ ഇരു ടീമുകളും മൂന്നു വീതം പോയിന്റുകളുമായി സമനിലയിൽ പിരിഞ്ഞു. രണ്ടാം പാദ മത്സരത്തിൽ അഞ്ചാം ബോർഡിൽ നിഹാൽ സരിനും ആറാം ബോർഡിൽ വിദ്യയും കളിച്ചുകൊണ്ടിരിക്കുമ്പോൾ സെർവർ തകരാർ മൂലം കളി മുടങ്ങി. തുടർന്ന് ഇന്ത്യയുടെ അപ്പീലിലാണ് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്. ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ആദ്യമായാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. 2014ൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് ഇതിനു മുമ്പുള്ള മികച്ച നേട്ടം.

കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു ഒളിമ്പ്യാഡ്. വിഖ്യാതതാരം വിശ്വനാഥൻ ആനന്ദ് നയിച്ച ഇന്ത്യൻ ടീമിന്റെ കുതിപ്പിൽ മലയാളി താരം നിഹാൽ സരിൻ്റെ പ്രകടനം നിർണായകമായി. നിഹാൽ ഉൾപ്പെടെയുള്ളവരുടെ മികവിൽ തുടക്കം മുതൽ മികച്ച ഫോമിലായിരുന്നു ടീം ഇന്ത്യ. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് പ്രവേശിച്ചു. സെമിയിൽ പോളണ്ടിനെ ടൈ ബ്രേക്കറിൽ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. ആദ്യപാദ സെമിയിൽ നിഹാലിനു മാത്രമാണ് ജയിക്കാനായത്. 12 താരങ്ങൾ ഉൾപ്പെട്ട ടീമിലെ ഏക മലയാളി സാന്നിദ്ധ്യമായിരുന്നു തൃശൂർ സ്വദേശിയായ നിഹാൽ സരിൻ. പോളണ്ടുമായി നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ടൈ ബ്രേക്കറിലൂടെയാണ് ഫൈനലിലെത്തിയത്. ഒന്നാം പാദ മത്സരത്തിൽ ഇന്ത്യ രണ്ട്‌-നാലിനു പരാജയപ്പെട്ടുവെങ്കിലും രണ്ടാം റൗണ്ടിൽ 4.5-1. 5 പോയിൻറുകളുമായി ഇന്ത്യ തിരിച്ചടിച്ച് സമനില നേടി. തുടർന്ന് ടൈ ബ്രേക്കറിലൂടെയാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. ടൈ ബ്രേക്കറർ നറുക്കെടുപ്പിൽ വനിതാ ടീമിനാണ് നറുക്കുവീണത്. ഇന്ത്യയ്ക്കായി കനേരു ഹംപി ടൈ ബ്രേക്കറിൽ വിജയിയായതോടെ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചു. ഒന്നാംപാദ സെമിഫൈനലിൽ നിഹാൽ സരിൻ വിജയിച്ചിരുന്നു. . ഒന്നാം പാദത്തിൽ ഇന്ത്യയ്ക്കു ലഭിച്ച രണ്ടു പോയിന്റിൽ ഒന്ന് നിഹാലിൻ്റേതായിരുന്നു. ഒന്നാം റൗണ്ടിൽ കൊനേരു ഹംപിയും ഹരികയും സമനില പിടിച്ച് ഒരു പോയിന്റ് നേടി. രണ്ടാം പാദ മത്സരത്തിൽ വിശ്വനാഥൻ ആനന്ദ്, വിദിത്, ഹംപി, ഹരിക, വാന്ദിക, പ്രഗ്‌നാനന്ദ എന്നിവരാണ് ഇന്ത്യക്കായി കളിച്ചത്. ഇതിൽ പ്രഗ്‌നാനന്ദ ഒഴികെയുള്ളവർ തോൽവി അറിഞ്ഞില്ല. വാദിക സമനിലയിൽ പിടിച്ചപ്പോൾ മറ്റുള്ളവർ വിജയിച്ചു കയറി. ഇതോടെയാണ് ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴി തുറന്നത്. നിഹാൽ സരിൻ ക്വാർട്ടർ ഫൈനലിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.