excise-office

കല്ലമ്പലം: ദേശീയപാതയ്ക്ക് സമീപം നാവായിക്കുളം തട്ടുപാലത്ത് 2017 നവംബർ 29 ന് പ്രവർത്തനമാരംഭിച്ച എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തന മികവിൽ ഇതിനോടകം ശ്രദ്ധേയമാണെങ്കിലും അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുകയാണ് ജീവനക്കാർ.

നൂറു വർഷത്തോളം പഴക്കമുള്ള ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഫയലുകളും പ്രധാന കേസ് രേഖകളും കംപ്യൂട്ടറും മറ്റും വെള്ളം വീണ് നശിക്കാതിരിക്കാൻ കെട്ടിടത്തിന് മുകളിൽ ടാർപോളിൻ വലിച്ചു കെട്ടിയാണ് ഓഫീസിന്റെ പ്രവർത്തനം. ഒരു സർക്കിൾ ഓഫീസിന് വേണ്ടുന്ന യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ലെന്നു തന്നെ പറയാം.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല പ്രവർത്തനമാണ് ഇതിനോടകം കാഴ്ചവച്ചത്. കഴിഞ്ഞ മാർച്ചിൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലാകുകയും മദ്യം കിട്ടാതെവരികയും പ്രദേശം വ്യാജ മദ്യ മാഫിയ കൈയടക്കുകയും ചെയ്തതോടെ സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക പരിശോധന നടത്തുകയും നിരവധിപേരെ പിടികൂടുകയും ചെയ്തിരുന്നു.

വർക്കല എം.എൽ.എ വി. ജോയിയുടെ ശ്രമഫലമായാണ് നാവായിക്കുളത്ത് എക്സൈസ് സർക്കിൾ ഓഫീസ് അനുവദിച്ചത്. ഈ നവംബർ 29ന് മൂന്ന് വർഷം പൂർത്തിയാകുന്ന സർക്കിൾ ഓഫീസിന് ഒരു ജീപ്പ് തന്നെ അനുവദിച്ചത് ആറുമാസം മുമ്പാണ്.

പല എക്സൈസ് ഓഫീസുകൾക്കും ജീപ്പ് അനുവദിച്ചെങ്കിലും ഈ ഓഫീസിനെ തുടക്കത്തിൽ അവഗണിക്കുകയായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ഇതിനു കീഴിൽ പ്രവർത്തിക്കുന്ന വർക്കല റെയ്ഞ്ച് ഓഫീസിൽ നിന്നോ, ആറ്റിങ്ങൽ - കിളിമാനൂർ എക്സൈസ്‌ ഓഫീസുകളിൽ നിന്നോ വാഹനം വിളിച്ചു വരുത്തിയാണ് പല കേസുകളും അന്വേഷിച്ചത്.

പഴയ വില്ലേജോഫീസ് വക കെട്ടിടത്തിലാണ് എക്സൈസ് ഓഫീസ്‌ പ്രവർത്തിക്കുന്നത്. മൂന്ന് മുറികൾ മാത്രമുള്ള ഈ കെട്ടിടത്തിലാണ് എക്‌സൈസിന്റെ പ്രവർത്തനവും ജീവനക്കാരുടെ വിശ്രമവും.