തിരുവനന്തപുരം: ലോക മഹായുദ്ധ കാലത്ത് സൈനികർ ഉപയോഗിച്ചിരുന്ന കൈകൊണ്ട് ഗിയർ മാറ്റാവുന്ന ബുള്ളറ്റിന് പുനർജന്മം നൽകി യുവാവ്. ഛത്തീസ്ഗഡിൽ നിന്ന് ആട്ടോമൊബൈൽ ഡിപ്ളോമ നേടിയ തിരുവനന്തപുരം കുന്നുകുഴി സ്വദേശി ശ്യാംനാഥാണ് യുദ്ധകാലത്തെ ഫ്ളൈയിംഗ് ഫീ ബുള്ളറ്റ് വീണ്ടും നിർമ്മിച്ചത്. 1950 മോഡൽ എൻഫൈൻ വാർ സീരീസ് ബുള്ളറ്റിനെ ശ്യാം ഫ്ളൈയിംഗ് ഫ്ളീ ആക്കി മാറ്റുകയായിരുന്നു
ഫ്ളൈയിംഗ് ഫ്ളീ
യുദ്ധകാലത്ത് സൈന്യം ഉപയോഗിച്ചിരുന്നതാണ് റോയൽ എൻഫീൽഡ് ഫ്ളൈയിംഗ് ഫ്ളീ. വണ്ടിഭ്രാന്തനായ ശ്യാം പഠനകാലത്ത് തന്നെ ഇത്തരത്തിൽ ഒരെണ്ണം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അന്വേഷണം അവസാനിച്ചത് തൊട്ടടുത്ത മോഡലായ എൻഫൈൻ മോഡലിൽ. 1948 കാലത്തെ മോഡലായ ഫ്ളൈയിംഗ് ഫ്ളീ ബുള്ളറ്റിൽ കൈകൾ കൊണ്ടായിരുന്നു ഗിയർ മാറിയിരുന്നത്. ഭാരം തീരെ കുറഞ്ഞ ഈ ബുള്ളറ്റുകൾ യുദ്ധസമയത്ത് സൈനികരെ ഇരുത്തിക്കൊണ്ടുതന്നെ പാരച്യൂട്ടിൽ ഘടിപ്പിച്ച് യുദ്ധകേന്ദ്രങ്ങളിൽ എത്തിക്കുമായിരുന്നു.
ഒത്തിരി കാശായി
എട്ട് വർഷം മുമ്പ് മൈസൂരിലെ ആക്രിക്കടയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന എൻഫൈനിനെ 2.5 ലക്ഷം കൊടുത്താണ് ശ്യാം വാങ്ങിയത്. മൂന്ന് വർഷമെടുത്തു ഇപ്പോഴത്തെ രീതിയിൽ പുനർജനിപ്പിക്കാൻ. പെയിന്റിംഗ്, പാച്ച് വർക്കുകൾ ഒഴികെ മറ്റെല്ലാ പണികളും ശ്യാം തന്നെ ചെയ്തു. എൻജിൻ പ്രവർത്തിപ്പിച്ചെടുക്കാൻ മാത്രം ഒരു വർഷം വേണ്ടിവന്നു. ഫ്ളൈയിംഗ് ഫ്ളീയിലെ പോലെ സസ്‌പെൻഷനും ഹാൻഡ് ഗിയറും സ്ഥാപിക്കാൻ സഹായിച്ചത് ലെയ്‌ത്ത് ജോലി ചെയ്യുന്ന ശ്യാമിന്റെ സുഹൃത്ത് കുമാറാണ്. ഗിയർ എങ്ങനെ വേണമെന്നതടക്കം എല്ലാം ചാർട്ടായി ശ്യാം വരച്ചു നൽകി. 125 സി.സിയുള്ള ടു സ്ട്രോക്ക് എൻജിന് മൂന്ന് ഗിയറുകളാണുള്ളത്. മൂന്നര ലക്ഷം രൂപയാണ് ചെലവായത്. ഇപ്പോൾ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ശ്യാമിന് പുരാവസ്തുക്കളുടെ ശേഖരവുമുണ്ട്. ഭാര്യ കൃഷ്‌ണ കാനറ ബാങ്ക് ഉദ്യോഗസ്ഥയാണ്. 10 മാസം പ്രായമുള്ള ദ്യുതി മകളാണ്.
ശേഖരത്തിൽ ഇവയും
68 മോഡൽ റോയൽ എൻഫീൽഡ്, ജാവ, യെസ്ഡി, 72 മോഡൽ രാജ്ദൂത്, 74 മോഡൽ വിജയ് സൂപ്പർ, ലാംബ്രട്ട