കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ പൊതുകുളങ്ങൾ ഓരോന്നായി നശിച്ചു കൊണ്ടിരിക്കുന്നു. ജല സമ്പത്ത് കൊണ്ട് നാടിന് മുഴുവൻ ആശ്വാസം പകർന്നിരുന്ന നിരവധി കുളങ്ങളും ചിറകളും മാലിന്യങ്ങളും പായലും കൊണ്ട് നിറഞ്ഞ് അന്ത്യശ്വാസം വലിക്കുന്നു. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ജല സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള നാവായിക്കുളം പഞ്ചായത്തിലെ ജലസ്രോതസുകൾക്കാണ് ഈ ദുർഗതി.
ജലാശയങ്ങളുടെ പുനരുദ്ധാരണത്തിനായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും ചിറകൾക്കും കുളങ്ങൾക്കും ശാപമോശമില്ല.
ഒരു കാലത്ത് കല്ലമ്പലം പ്രദേശത്തെ ജല ദൗർലഭ്യത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്ന മത്തനാട് കുളം മാലിന്യം നിറഞ്ഞും സ്വകാര്യ വ്യക്തികൾ കൈയേറിയും കുളം ഏതാണ്ട് ഇല്ലാതായെന്ന് തന്നെ പറയാം.
കുളങ്ങളിൽ ഭൂരിഭാഗവും കാടുകയറി കൊതുകുകളും ഇഴ ജന്തുക്കളും താവളമാക്കിമാറ്റി. നീർത്തട വികസന പദ്ധതികളും ഫണ്ടുമെല്ലാം വർഷാവർഷം പഞ്ചായത്ത് വികസന രേഖയിൽ സ്ഥാനം പിടിക്കുമ്പോൾ ഇത്തരം ചിറകൾക്ക് ശാപമോഷമില്ലെന്നതാണ് പ്രധാന പരാതി. തൊഴിലുറപ്പ് പദ്ധതിയിലും ചിറകൾക്ക് സ്ഥാനം ലഭിക്കാത്തത് കടുത്ത അവഗണനയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തോടുകളുടെ വശങ്ങളും വരമ്പുകളും കുടുംബ ശ്രീ യൂണിറ്റുകളെക്കൊണ്ട് ചെത്തിമിനുക്കി പണം പാഴാക്കികളയുമ്പോഴും ശുദ്ധജല സ്രോതസുകളെ തീർത്തും അവഗണിക്കുകയാണ്. അറവ് മാടുകളുടെ അവശിഷ്ടങ്ങൾ നാട്ടുകാർ തന്നെ നിരന്തരം കുളങ്ങളിൽ കൊണ്ടുവന്ന്‍ തള്ളുന്നതു മൂലം കുളങ്ങൾ അന്ത്യ ശ്വാസം വലിക്കുകയാണ്.