ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണ് വിധി. മറ്റ് പല സ്റ്റേഷനുകളും വികസനക്കുതിപ്പിലോട്ട് നീങ്ങുമ്പോൾ അടിസ്ഥാന വികസനം പോലും അന്യമാവുകയാണ് ഇവിടുത്ത യാത്രക്കാർക്ക്. നിരവധി യാത്രക്കാരുടെ ആശ്രയ കേന്ദ്രമായ ഇവിടെ എത്തുന്നവർക്ക് മതിയായ ഇരിപ്പിടമോ മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെട്ട് തണലേകാൻ പാകത്തിൽ മേൽക്കൂരകളോ ഇവിടെയില്ല. ഉള്ളവയാകട്ടെ കഷ്ടിച്ച് വിരലിലെണ്ണാവുന്നവർക്ക് മാത്രം കയറി നിൽക്കാൻ പാകത്തിലുള്ളതാണ്. മീറ്റർ ഗേജ് ആയിരുന്നപ്പോഴുള്ള പ്ലാറ്റ് ഫോമുകളാണ് ഇപ്പോഴുമുള്ളത്.
പ്ലാറ്റ്ഫോമിന്റെ പൊക്കക്കുറവ് യാത്രക്കാർക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. പോരാത്തതിന് ഒന്നാം പ്ലാറ്റ് ഫോമിന്റെ നീളക്കുറവും കൂടിയാകുമ്പോൾ യാത്രക്കാരുടെ ദുരിതം ഇരട്ടിയാവുകയാണ്. ട്രെയിൻ നിറുത്തിയാൽ കയറണമെങ്കിൽ യാത്രക്കാർ അഭ്യാസം കൂടി അറിഞ്ഞിരിക്കണം. ട്രെയിനുകളുടെ ബോഗികൾ പലപ്പോഴും പ്ലാറ്റ് ഫോമിന് വെളിയിലാണ് കിടക്കുക. ഇറങ്ങണമെങ്കിൽ ബോഗി ബോർഡിൽ നിന്ന് ഒന്നര മീറ്റർ താഴേക്ക് ചാടണം. കയറണമെങ്കിൽ നാലടി ഉയരത്തിൽ കമ്പിയിൽ തൂങ്ങണം. യാത്രക്കാർക്ക് ഇരു പ്ലാറ്റ് ഫോമിലേക്കും പോകാൻ പാകത്തിൽ ഫുട്ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്.
പ്ലാറ്റ് ഫോമിനും റെയിൽവേ ഗേറ്റിനുമിടയിൽ യാത്രക്കാർക്ക് സുഗമമായി കടന്നുപോകാൻ പാത ഒരുക്കണമെന്ന കാര്യവും അധികൃതരുടെ കനിവ് തേടിക്കിടക്കുകയാണ്.
പ്രൈവറ്റ് ബസുകൾക്ക് അയിത്തം കൽപ്പിച്ചിരിക്കുന്ന മേഖലയാണ് പെരുങ്ങുഴി. അതിനാൽ തന്നെ ഇവിടെ യാത്രാക്ലേശം രൂക്ഷവുമാണ്. ഇതിനെല്ലാ പരിഹാരമായി പാസഞ്ചർ ഒഴികെ ഏതെങ്കിലും ഒരു ട്രെയിനിന് പെരുങ്ങുഴിയിൽ സ്റ്റോപ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യവും അവഗണനയുടെ ചൂളം വിളിയിലാണ്. യാത്രക്കാരുടെ ദുരിതങ്ങൾ മനസിലാക്കി മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ അധികൃതർ കനിയണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും അഭ്യർത്ഥന.