sss

നെയ്യാറ്റിൻകര: അനന്തപുരിയുടെ അഭിമാനമായ പദ്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കമുള്ള കേരളത്തിലെ പ്രാധാന്യവുമുള്ള വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഇന്ന് അവഗണനയുടെ കരിന്തിരി വെട്ടത്തിലാണ്. 9ാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്ന ആയ് രാജവംശ കാലത്താണ് ഈ ക്ഷേത്രം പണിതതെന്ന് കരുതപ്പെടുന്നു. അഗസ്ത്യാർകൂടവും വിഴിഞ്ഞവുമായിരുന്നു അന്നത്തെ രാജ്യ തലസ്ഥാനം. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ 'ദ മോണുമെന്റ്സ് ഒഫ് കേരള" എന്ന പുസ്തകത്തിൽ ക്ഷേത്രത്തിനെ പറ്റി പറയുന്നുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ അപൂർവമായിരുന്ന, മണ്ണിനടിയിലേക്ക് ആണ്ടു പോയിക്കിടന്നിരുന്ന വട്ടശ്രീകോവിലോടു കൂടിയ ക്ഷേത്രം നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ മണ്ണിനടിയിൽ നിന്നും വീണ്ടെടുക്കുകയായിരുന്നു. വിഷ്ണുപുരത്ത് നിന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ബലിപീഠത്തിലെ ലിഖിതം കേരളത്തിൽ കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും പുരാതനമായ വട്ടെഴുത്ത് ലിപിയിലുള്ളതാണെന്ന് ചരിത്രകാരന്മാർ പറയുന്നു.

ചരിത്രം

1145 വർഷങ്ങൾക്ക് മുമ്പ് കരുനന്ദടക്കൻ മഹാരാജാവ് ക്ഷേത്രത്തിലെ ബലിപീഠത്തിൽ സൂര്യ ചന്ദ്രന്മാരുള്ളടത്തോളം കാലം നൈവേദ്യത്തിനു ഉരി അരി നൽകണം എന്ന് കൊത്തി വച്ചിട്ടുണ്ട്.എ.ഡി 850ൽ പണിത വിഴിഞ്ഞത്തുള്ള ആയ് ക്ഷേത്രം കഴിഞ്ഞാൽ എ.ഡി 867ൽ പണിത വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളൊന്നും തന്നെ ദക്ഷിണ കേരളത്തിലില്ല എന്നാണ് പുരാവസ്തു രേഖകളിൽ പറയുന്നത്. ഒരു നൂറ്റാണ്ടോളം മണ്ണിനടിയിലായിരുന്ന ക്ഷേത്രം 20 വർഷം മുൻപാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വീണ്ടെടുത്തത്. ക്ഷേത്രം പണിയാനുപയോഗിച്ച കരിങ്കല്ലുകൾ അഗസ്ത്യാർകൂടത്തിൽ നിന്നാണ് കൊണ്ടുവന്നത്. മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത പഴയ കരിങ്കൽ പാളികൾ ക്ഷേത്രപരിസരത്ത് വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്നു. വട്ട ശ്രീകോവിൽ പണിതിരുന്ന ശിലകൾ കണ്ടെടുത്ത് ക്ഷേത്രത്തിനു ചുറ്റും കൽ ബെഞ്ചുകളാക്കി മോഡിപിടിപ്പിച്ചിട്ടുണ്ട്.

 നിധിയുടെ സാക്ഷ്യം

മറ്റൊരു ശിലാ ലിഖിതം കൂടെയുണ്ട് അവിടെ. അത് പറയുന്നത് ക്ഷേത്രത്തിന്റെ നിധിയെ പറ്റിയുള്ള കാര്യമാണ്. എന്നാൽ ഈ നിധിയെ പറ്റി ആകെ അറിയാമായിരുന്നത് രാജാവിനു മാത്രം.

ക്ഷേത്രത്തിനു ചുറ്റുമുള്ള ഏക്കറോളം വസ്തുക്കൾ ക്ഷേത്രം വക ആയിരുന്നു. ഇപ്പോൾ അത് പലരുടെയും കൈയിലാണ്.