വിതുര:പൊൻമുടി - നെടുമങ്ങാട് സംസ്ഥാന പാതയിൽ വിതുര കലുങ്ക് ജംഗ്ഷനിൽ നിന്നു വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിലാകെ കുഴികൾ നിറഞ്ഞ് ശോച്യാവസ്ഥയിലാണ്. റോഡിന്റെ ചില ഭാഗങ്ങളിൽ മെറ്റൽ ഇളകി മാറി മൺപാതയായി മാറി. ഈ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. പൊലീസ് സ്റ്റേഷന് സമീപമാണ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും പ്രവർത്തിക്കുന്നത്. വർഷങ്ങളായിട്ട് റോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഇത് സംബന്ധിച്ച് അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും ഫയർ സ്റ്റേഷനിലുമായി നിത്യേന നിരവധിപേരാണ് എത്തുന്നത്. ഒാട നിർമ്മിക്കാത്തത് മൂലമാണ് റോഡ് തകർന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. റോഡിനിരുവശത്തും കാട് മൂടി കിടക്കുകയാണ്. ഇതുമൂലം റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താലും റോഡിന്റെ ദുരവസ്ഥ കാരണവും ഇവിടെ അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. റോഡിന് ഇരുവശവും കാട് മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കിയെങ്കിലും ഇപ്പോൾ വീണ്ടും പഴയ സ്ഥിതിയിലായിട്ടുണ്ട്.
ഫണ്ട് അനവദിച്ചിട്ടും പണി നടന്നില്ല
പൊലീസ് സ്റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രണ്ട് വർഷം മുൻപ് കേരളകൗമുദി വർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും യാതൊരു നവീകരണ പ്രവർത്തനങ്ങളും പ്രാവർത്തികമായിട്ടില്ല. റോഡ് നവീകരിക്കുമെന്ന് പുതിയ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനവേളയിൽ മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലൊതുങ്ങുക മാത്രമാണ് ചെയ്തത്.