തെന്നിന്ത്യൻ സിനിമാ ലോകത്തിന് നിരവധി നായികമാരെ മലയാള സിനിമ സമ്മാനിച്ചിട്ടുണ്ട്. മോളിവുഡിൽ നിന്നുള്ള നടിമാരെല്ലാം സൂപ്പർ താരങ്ങളുടെ ഭാഗ്യ നായികമാരായി തിളങ്ങിയിരുന്നു. മലയാളത്തിൽ ഓരോ വർഷവും നിരവധി പുതുമുഖ നടിമാരാണ് അരങ്ങേറുന്നത്. എന്നാൽ പുതിയ നായികമാരിൽ വളരെ കുറച്ചുപേർ മാത്രമാണ് അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ അധികം തിളങ്ങാതെ പോയത്. മലയാളത്തിൽ മികച്ച തുടക്കം കിട്ടിയിട്ടും അത് നിലനിർത്തികൊണ്ടുപോകാൻ ചില നായികമാർക്ക് സാധിച്ചിരുന്നില്ല. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഇവർ അഭിനയിച്ചത്. മലയാളത്തിൽ അധികം തിളങ്ങാതെ പോയ ചില നായികമാരെക്കുറിച്ചറിയാം...
നിത്യാ ദാസ്
ദിലീപിന്റെ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിത്യാ ദാസ്. സിനിമയുടെ വിജയം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദിലീപിന്റെ കരിയറിൽ വലിയ വിജയമായ സിനിമ കൂടിയായിരുന്നു ഈ പറക്കുംതളിക. എന്നാൽ പറക്കുംതളികയ്ക്ക് ശേഷം മികച്ച വേഷങ്ങൾ അധികം നിത്യയ്ക്ക് ലഭിച്ചിരുന്നില്ല. കൺമഷി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ നടി എത്തിയെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിവാഹത്തിന് പിന്നാലെ താരം സിനിമ വിടുകയും ചെയ്തു.
രേണുക മേനോൻ
നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ മലയാളത്തിൽ മികച്ച തുടക്കം ലഭിച്ച താരമാണ് രേണുക മേനോൻ. സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു തുടങ്ങിയവർ നായകന്മാരായ ചിത്രത്തിൽ നായികയായാണ് നടി അഭിനയിച്ചത്. നമ്മൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയ ചിത്രങ്ങൾ അധികം നടിക്ക് ലഭിച്ചില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരം 2006ൽ വിവാഹ ശേഷം സിനിമ വിട്ടിരുന്നു.
ടെസ ജോസഫ്
പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ടെസ ജോസഫ്. പട്ടാളത്തിന് ശേഷം അധികം സിനിമകളൊന്നും നടിയുടേതായി പുറത്തിറങ്ങിയിരുന്നില്ല. അഞ്ച് സിനിമകളിൽ മാത്രമാണ് നടി തന്റെ കരിയറിൽ അഭിനയിച്ചത്. 2017ൽ ഗോൾഡ് കോയിൻസ് എന്ന ചിത്രമാണ് ടെസയുടേതായി അവസാനമായി പുറത്തിറങ്ങിയത്.
അഖില ശശിധരൻ
ദിലീപിന്റെ കാര്യസ്ഥനിലൂടെ മലയാളത്തിൽ മികച്ച തുടക്കം ലഭിച്ച താരമായിരുന്നു അഖില ശശിധരൻ. എന്നാൽ ഈ തുടക്കം പിന്നീട് നിലനിർത്തിക്കൊണ്ടുപോകാൻ നടിക്ക് സാധിച്ചില്ല. കാര്യസ്ഥന് പിന്നാലെ പൃഥ്വിരാജിന്റെ നായികയായി തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രവും അഖിലയുടേതായി പുറത്തിറങ്ങിയിരുന്നു. എന്നാൽ പിന്നീട് താരം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല.
അഭിരാമി
കഥാപുരുഷൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ താരമാണ് അഭിരാമി. തുടർന്ന് പത്രം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പത്രത്തിന് പിന്നാലെ മലയാള സിനിമകൾക്കൊപ്പം തന്നെ അന്യ ഭാഷാ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇതു താൻഡാ പോലീസ് എന്ന ചിത്രത്തിലൂടെ മോളിവുഡിൽ തിരിച്ചെത്തിയെങ്കിലും അധികം തിളങ്ങാൻ നടിക്ക് സാധിച്ചിരുന്നില്ല.
ജോമോൾ
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ജോമോൾ. പിന്നാലെ നായികയായും സഹനടിയായുമൊക്കെ ജോമോൾ അഭിനയിച്ചിരുന്നു. 1997ൽ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം ജോമോൾക്ക് ലഭിച്ചിരുന്നു. 2007ൽ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷമാണ് നടി സിനിമ വിട്ടത്. പിന്നീട് 2017ൽ കെയർഫുൾ എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നെങ്കിലും അഭിനയം തുടർന്നില്ല.