രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. അതോടെ 1986-ലെ നിലവിലുണ്ടായിരുന്ന നിയമം ഇല്ലാതായി. ആ നിയമത്തിലെ വ്യവസ്ഥകളും കൂടി പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര നിയമം ആണിത്. 1986-ലെ നിയമത്തിൽ നാല് അദ്ധ്യായങ്ങളും മുപ്പത്തിയൊന്ന് വകുപ്പുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ നിയമത്തിൽ എട്ട് അദ്ധ്യായങ്ങളും നൂറ്റിയേഴ് വകുപ്പുകളുമുണ്ട്. 2019-ലെ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ താഴെപ്പറയുന്നവയാണ്.
1. ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം ഇനി ജില്ലാ കമ്മിഷനാകും
2. ജില്ലാ കമ്മിഷന്റെ വിധിക്കെതിരെ എതിർകക്ഷിക്ക് അപ്പീൽ നൽകുന്നതിന് വിധിത്തുകയുടെ 50 ശതമാനം സംസ്ഥാന കമ്മിഷനിൽ കെട്ടിവയ്ക്കണം. പഴയ നിയമത്തിൽ 25,000 രൂപയായി പരിധി നിശ്ചയിച്ചിരുന്നു;
3. സംസ്ഥാന കമ്മിഷനിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 45 ദിവസമാക്കി. കാലഹരണം മാപ്പാക്കാനുള്ള അധികാരം പുതിയ നിയമത്തിലും നിലനിറുത്തിയിട്ടുണ്ട്.
4. ജില്ലാ കമ്മിഷനിലും ഒരു പ്രസിഡന്റും നാലിൽ കുറയാത്ത അംഗങ്ങളും,
5. സംസ്ഥാന കമ്മിഷന് പ്രസിഡന്റും നാലിൽ കുറയാത്ത അംഗങ്ങളും;
6 ജില്ലാ കമ്മിഷന് ഒരു കോടി രൂപ വരെയുള്ള കേസുകൾ തീർപ്പാക്കാൻ അധികാരം. 10 ലക്ഷത്തിൽ കൂടുതലുള്ള കേസുകൾ തീർപ്പാക്കാൻ ദേശീയ കമ്മിഷന് അധികാരം.
7. ഉപഭോക്താവിന് ഹാനികരമായുള്ള കരാറിലെ വ്യവസ്ഥകൾ അസാധുവാണെന്ന് വിധിക്കാൻ സംസ്ഥാന - ദേശീയ കമ്മിഷനുകൾക്ക് പുതിയ നിയമത്തിലെ 49 (2), 59 (2) വകുപ്പുകൾ പ്രകാരം അധികാരം;
8 . കാതലായ നിയമ പ്രശ്നം ഉള്ള വിഷയങ്ങളിൽ ദേശീയ കമ്മിഷനിൽ ഫയൽ ചെയ്യാൻ അവകാശം.
9. 58 (1) (b) വകുപ്പനുസരിച്ച് ദേശീയ കമ്മിഷനും 47 (1) (b) വകുപ്പനുസരിച്ച് സംസ്ഥാന കമ്മിഷനും റിവിഷണൽ അധികാരം,
10. ജില്ലാ - സംസ്ഥാന - ദേശീയ കമ്മിഷനുകൾക്ക് യഥാക്രമം 40, 50, 60 വകുപ്പുകൾ പ്രകാരം റിവ്യൂ അധികാരം,
11. 69-ാം വകുപ്പ് പ്രകാരം പരാതികൾ ഫയൽ ചെയ്യാനുള്ള സമയപരിധി രണ്ടുവർഷം. ഒപ്പം കാലഹരണം മാപ്പാക്കാനുള്ള അധികാരവും.
12. സിവിൽ നടപടി നിയമത്തിലേതുപോലെ വിധി നടത്താൻ 71-ാം വകുപ്പു പ്രകാരം അധികാരം.
13. 74-ാം വകുപ്പു പ്രകാരം മദ്ധ്യസ്ഥതയിലൂടെ കേസ് തീർക്കാൻ നിയമപരമായ പരിരക്ഷ,
14. ടെലികോം, ഭവന നിർമ്മാണം എന്നിവയുൾപ്പെടുത്തി നിയമത്തിന്റെ വ്യാപ്തിയിൽ വിപുലീകരണം,
15 . കമ്മിഷനുകളിലെ പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ മാറ്റം,
16 . നിയമത്തിലെ 2 (7) (b) വകുപ്പിൽ 'ഓഫ് ലൈൻ, ഓൺ ലൈൻ" വ്യാപാരങ്ങളെക്കുറിച്ച് പറയുന്നു.
17. 16-ാം വകുപ്പിൽ ഇ - കോമേഴ്സിനെ നിർവചിക്കുന്നു;
18. ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെയുള്ള വ്യാപാരങ്ങൾ, ടെലി ഷോപ്പിംഗ് ഡയറക്ട് സെല്ലിംഗ്, മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നിവയിലൂടെ വാങ്ങുന്ന ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പരാതികളും പരിഗണിക്കാൻ കമ്മിഷനുകൾക്ക് അധികാരം.
19. നിലവാരം കുറഞ്ഞ ഉത്പന്നങ്ങളും സേവനങ്ങളും മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നിർമ്മാതാവും വില്പനക്കാരനും സമാധാനം പറയണം ; നഷ്ടപരിഹാരം നൽകുകയും വേണം എന്ന പ്രോഡക്ട് ലയബിലിറ്റി വ്യവസ്ഥ.
20. ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്ക് പിഴ ചുമത്താൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് അധികാരം.
ഓൺലൈൻ
ഓൺലൈനായും പരാതി സമർപ്പിക്കാം എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പരാതികൾ തീർപ്പാക്കാനുള്ള സമയപരിധി മൂന്നുമാസം വരെയാണ്. ലാബ് പരിശോധന ആവശ്യമെങ്കിൽ പരമാവധി അഞ്ചുമാസം വരെയാകാമെന്നും പുതിയ നിയമം പറയുന്നു. ഉപഭോക്താവും അല്ലെങ്കിൽ നിർമ്മാതാവും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഉപഭോക്തൃ വിരുദ്ധമാണെങ്കിൽ ആ വ്യവസ്ഥകൾ റദ്ദാക്കാൻ ഈ കമ്മിഷനുകൾക്ക് അധികാരമുണ്ട്.
പരാതി നൽകുന്നതിനുള്ള ധനപരമായ അധികാര പരിധി ഉയർത്തിയതോടൊപ്പം അത് നിർണയിക്കുന്ന രീതിയിലും കാതലായ മാറ്റമാണ് പുതിയ നിയമത്തിലുള്ളത്. ആതുരസേവന മേഖലയിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരത്തിനായി ഇനി സിവിൽ കോടതികളെയാണ് സമീപിക്കേണ്ടത്.