പ്ലസ് ടു ഫലം വന്നു . ഇനി എന്ത് പഠിക്കണം? എവിടെ പഠിക്കണം? വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന സാദ്ധ്യതകളുടെ അന്വേഷണത്തിലാണ്. അനുദിനം വിപുലമായികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗം നൽകുന്നത് വിഭിന്ന മേഖലകളിൽ വിവിധ വിഷയങ്ങളിലുള്ള അനന്തമായ ഉപരിപഠന സാദ്ധ്യതകളാണ് . ഇന്ത്യയിലെ ഏക ദേശീയ വിദൂരവിദ്യാഭ്യാസ സർവകലാശാലയായ ഇഗ്നോയിൽ റെഗുലർ പഠനത്തിനൊപ്പം ചേരാൻ കഴിയുന്ന ചില കോഴ്സുക ളെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ ചേർക്കുന്നത് .
മാനവിക വിഷയങ്ങളിലെ ബിരുദത്തിനൊപ്പം പഠിക്കാവുന്ന കോഴ്സുകളാണ് പാരാ ലീഗൽ പ്രാക്ടീസ് , വിമൻ എംപവർമെന്റ് എന്നിവയിലുള്ള ഡിപ്ലോമ പ്രോഗ്രാമുകളും ട്രൈബൽ സ്റ്റഡീസ് , പഞ്ചായത്ത് ലെവൽ അഡ്മിനിസ്ട്രേഷൻ , ഹ്യൂമൻ റൈറ്റ്സ് , ഇന്റർ നാഷണൽ ഹ്യുമാനിറ്റേറിയൻ ലോ , കൺസ്യൂമർ പ്രൊട്ടക്ഷൻ , ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡിസാസ്റ്റർ മാനേജ്മന്റ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും .
സയൻസ് മേഖലയിൽ ഉള്ള അക്വാകൾച്ചർ , വാട്ടർ ഷെഡ് മാനേജ്മന്റ് , ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡക്ട്സ്, ഫിഷ് പ്രൊഡക്ട്സ് , മീറ്റ് ടെക്നോളജി , വാല്യൂ ആഡഡ് പ്രൊഡക്ട്സ് എന്നിവയിലുള്ള ഡിപ്ലോമ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളായ ഫസ്റ്റ് എയ്ഡ് , ഹെൽത്ത് കെയർ ആൻഡ് വേസ്റ്റ് മാനേജ്മന്റ് , ഫ്ളെബോട്ടമി അസ്സിസ്റ്റൻസ് , ഹോം ബേസ്ഡ് ഹെൽത്ത് കെയർ എന്നിവ.
ഭാഷ പഠനത്തിനൊപ്പം ചെയ്യാവുന്ന കോഴ്സുകളാണ് ഉറുദു , ജർമ്മൻ ഭാഷകളിൽ ഡിപ്ലോമ പ്രോഗ്രാമുകളും സ്പാനിഷ്, ഫ്രഞ്ച് , കൊറിയൻ ,റഷ്യൻ , ജാപ്പനീസ്, പേർഷ്യൻ , അറബിക് ഭാഷകളിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ. കൊമേഴ്സ് മേഖലയിൽ ഇഗ്നോ നൽകുന്ന പ്രോഗ്രാമുകളാണ് ബി. പി. ഓ. ഇൻ ഫിനാൻസ് അക്കൗണ്ടിംഗിലും മോഡേൺ ഓഫീസിൽ പ്രാക്ടിസിലും നൽകുന്ന ഡിപ്ലോമ, കോഓപ്പറേഷൻ ആൻഡ് കോഓപ്പറേറ്റീവ് ലോ ,എൻ. ജി. ഓ. മാനേജ്മെന്റ് , ബിസിനസ് സ്കിൽസ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ് ,ജി എസ്. ടി. അവേർനെസ്സ് പ്രോഗ്രാം എന്നിവ. പ്രൈമറി സ്കൂൾ മാത്തമാറ്റിക്സ് , വാല്യൂ എഡ്യൂക്കേഷൻ എന്നിവ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്രദമായ കോഴ്സുകളാണ്.
സാങ്കേതിക മേഖലയിൽ നൽകുന്ന പ്രോഗ്രാമുകളാണ് കമ്മ്യൂണിക്കേഷൻ ആൻഡ് ഐ. ടി. സ്കിൽസ് , ഇൻഫോർമേഷൻ ടെക്നോളജി , എനർജി മാനേജ്മെന്റ് എന്നിവയിൽ നൽകുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ. ഇതിനുപരിയായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ടൂറിസം , ഇവന്റ് മാനേജ്മന്റ് എന്നിവയിൽ ഡിപ്ലോമ പ്രോഗ്രാമുകളും ലൈബ്രറി സയൻസ് , ടൂറിസം ,ഹൗസ് കീപ്പിംഗ് ഓപ്പറേഷൻ , ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ , ഫുഡ് ആൻഡ് ബീവറേജസ് ഓപ്പറേഷൻ , ഫാഷൻ ഡിസൈൻ എന്നീ മേഖലകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഇഗ്നോ നൽകുന്നുണ്ട്. കൂടാതെ ഔപചാരികമല്ലാതെ കലകൾ പഠിച്ചവർക്ക് സർട്ടിഫിക്കറ്റ് നേടാനായി ഭരതനാട്യം , കർണാടക സംഗീതം , ഹിന്ദുസ്ഥാനി സംഗീതം , തിയേറ്റർ ആർട്സ് , പെയിന്റിംഗ് , അപ്ലൈഡ് ആർട്സ് എന്നീ വിഷയങ്ങളിലും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്. സർട്ടിഫിക്കറ്റ് , ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെ ഭാഷ , ശാസ്ത്രം, മാനവീയ വിഷയങ്ങൾ എന്നിവയിലും സാങ്കേതിക തൊഴിലധിഷ്ഠിത മേഖലകളിലും ബിരുദ ബിരുദാന്തര പ്രോഗ്രാമുകൾ , എം.ബി.എ , ബി എഡ് , പോസ്റ്റ് ബേസിക് നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണൽ പ്രോഗ്രാമുകളും എം .ഫിൽ , പി എച്ച് .ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും ഇഗ്നോയിൽ ലഭ്യമാണ് .
അദ്ധ്യാപകരും വിദ്യാഭ്യാസവിദഗ്ദ്ധരും തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലുകളാണ് പഠനത്തിന്റെ പ്രധാന ഘടകം. കൂടാതെ പഠനകേന്ദ്രങ്ങളിൽ ഒഴിവു ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലാസുകൾ , ന്യൂഡൽഹിയിലെ ഇഗ്നോ ആസ്ഥാനത്തെ അദ്ധ്യാപകരുമായി സംവദിക്കാൻ കഴിയുന്ന വെബ് കോൺഫറൻസുകൾ , ഓൺലൈൻ ക്ലാസുകൾ , ഗ്യാൻ ദർശൻ ടെലിവിഷൻ ചാനൽ , ഗ്യാൻവാണി എഫ് .എം റേഡിയോ , ഗ്യാൻധാര ഇന്റർനെറ്റ് റേഡിയോ എന്നിവ വഴിയുള്ള പാഠഭാഗങ്ങളുടെ സംപ്രേക്ഷണം , ചർച്ചകൾ ,ഡിജിറ്റൽ പഠന ഉപാധികളുടെ ശേഖരമായ ഇ ഗ്യാൻ കോശ് എന്നിങ്ങനെ ധാരാളം പഠന സൗകര്യങ്ങൾ ഇഗ്നോ പഠിതാക്കൾക്ക് നൽകുന്നുണ്ട് . കേരളത്തിൽ ഇഗ്നോയ്ക്ക് തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളിലായി മൂന്ന് മേഖല കേന്ദ്രങ്ങൾ ഉണ്ട്. പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ingnou.ac.in ൽ ലഭ്യമാണ്. ജൂലായിലും ജനുവരിയിലും ആരംഭിക്കുന്ന അക്കാദമിക് സെഷനുകളിലേക്കായി വർഷത്തിൽ രണ്ടു തവണയാണ് ഇഗ്നോ പ്രവേശനം നടത്തുന്നത് . ജൂലൈ 2020 അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .
(ഇഗ്നോ തിരുവനന്തപുരംമേഖലാ കേന്ദ്രം
അസി. റീജണൽ ഡയറക്ടറാണ് ലേഖിക,
ഫോൺ: 8289821789)