ആറ്റിങ്ങൽ: അച്ഛനില്ലാത്ത കുരുന്നുകൾക്ക് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വീട്ടിൽ ഫസ്റ്റ് ബെൽ ഓൺലൈൻ പഠന സൗകര്യമൊരുങ്ങി. ആറ്റിങ്ങൽ നഗരസഭ 22-ാം വാർഡ് കൊടുമൺ കോളനിയിലെ പരേതനായ രാജീവിന്റെ മക്കൾക്കാണ് നഗരസഭാ ചെയർമാൻ എം. പ്രദീപ് ടെലിവിഷനും മധുര പലഹാരങ്ങളും വിതരണം ചെയ്തത്. എസ്.വി.യു.പി.എസ് പുരവൂരിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ദിയ. ചേച്ചിയെപ്പോലെ രണ്ട് വയസുകാരിയായ കുഞ്ഞനുജത്തിയും ടി.വി ലഭിച്ചതിൽ വളരെ സന്തോഷവതിയാണ്.
അച്ഛൻ രാജീവിന്റെ മരണശേഷം അമ്മ സന്ധ്യ കൂലിപ്പണിയെടുത്താണ് വീട് നോക്കിയിരുന്നത്. കഷ്ടപാടിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്ന മാതാവിന്റെ നിസഹായവസ്ഥ വാർഡ് കൗൺസിലർ ജി. തുളസീധരൻപിള്ളയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് തെന്നൂർക്കുന്നത്ത് വീട്ടിൽ ഗോപിനാഥൻ നായരുടെ സ്മരണാർത്ഥം കുടുംബാഗങ്ങൾ ടി.വി സംഭാവന ചെയ്തത്.
വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർ മഞ്ചു, വാർഡ് ദുരന്തനിവാരണ കമ്മിറ്റി രക്ഷാധികാരികളായ അശോക്‌കുമാർ, ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.