കാട്ടാക്കട:കൊവിഡ് കാലത്ത് ഗ്രാമീണ മേഖലകളിലെ സർവ്വീസുകൾ നിറുത്തലാക്കിയതോടെ കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാർ പട്ടിണിയിൽ. കണ്ടക്ടർ,ഡ്രൈവർ,മെക്കാനിക്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ പത്ത് വർഷത്തിലധികമായി ജോലി നോക്കിയിരുന്ന താല്ക്കാലിക ജീവനക്കാരെയാണ് ജോലിയില്ലെന്ന കാരണം പറഞ്ഞ് മാറ്റി നിറുത്തിയിരിക്കുന്നത്. താല്ക്കാലിക ജീവനക്കാർ 179 ദിവസം ജോലി ചെയ്യണമെന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമമുണ്ടെങ്കിലും കെ .എസ്.ആർ.ടി.സിയിൽ അവരെ പിരിച്ച് വിടാറില്ല. പി.എസ്.സി പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ് ഇവരിൽ ഭൂരിഭാഗവും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഡിപ്പോകൾ അടച്ച് പൂട്ടിയതും, പരിമിതമായ സർവ്വീസുകൾ മാത്രം നടത്തുന്നതിനാലും ജോലി ഇല്ലാതായ ഇവർക്ക് ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ ശമ്പളം നൽകിയിരുന്നു.എന്നാൽ ജൂൺ മാസം ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ പണം നൽകിയിട്ടും കെ.എസ്.ആർ.ടി.സി നൽകിയിരുന്നില്ല. ഇവരിൽ ഭൂരിഭാഗം പേരുടെയും കുടുംബങ്ങൾ ഇവരുടെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. സ്കൂൾ തുറന്നാൽ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലാണ് പലരും. ജോലിയിൽ നിന്ന് പിരിച്ച് വിട്ട സർട്ടിഫിക്കറ്റ് നൽകിയാൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി മറ്റേതെങ്കിലും ജോലിയിൽ പരിഗണിച്ചേനെയെന്നാണ് ജീവനക്കാരുടെ വാദം. 5000 രൂപ ഡെപ്പോസിറ്റ് നൽകിയാണ് 480 രൂപ ദിവസകൂലിയിൽ ജോലിയ്ക്ക് കയറിയത്.ജോലിയില്ലെങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകാൻ കെ.എസ്.ആർ.ടി.സി കനിവ് കാട്ടണമെന്നും അവർ പറയുന്നു. കൊവിഡ് 19യുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഇവരെ പരിഗണിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.