മനുഷ്യ ശരീരത്തിന്റെയും പ്രകൃതിയുടെയും ഒക്കെ ബലം ക്ഷയിക്കുന്ന കാലമാണ് കർക്കടകം. കാർഷിക സംസ്കാരം നിലനിന്നിരുന്ന കേരളത്തിൽ കർക്കടകമാസം ജനങ്ങൾ കൃഷിയിൽ നിന്നും വിട്ടുനിന്നിരുന്നു. പൊതുവേ രോഗപ്രതിരോധശേഷി കുറയുന്ന കാലം ആയതിനാൽ ആരോഗ്യസംരക്ഷണത്തിനാണ് ഈ സമയം ഉപയോഗിച്ചിരുന്നത്.
വേനൽ കഴിഞ്ഞ് മഴ തുടങ്ങുന്ന ഒരു കാലഘട്ടമാണ് കർക്കടകം. ഈ കാലാവസ്ഥാ വ്യതിയാനം രോഗസാധ്യത കൂട്ടുന്നു. ഏതു പ്രായക്കാരിലും കൂടുതൽ ശ്രദ്ധ വേണ്ട കാലമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ അവരുടെ ആഹാരം, ഉറക്കം, വ്യായാമം എന്നീ കാര്യങ്ങളിലും ജീവിതശൈലിയിലുമൊക്കെ ശ്രദ്ധ ചെലുത്തേണ്ട കാലമാണ്. കേരളത്തിലെ സ്ത്രീകൾ സ്വന്തം ആരോഗ്യ കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ല. വീട്ടിലെ മറ്റുള്ളവരുടെ ആരോഗ്യത്തിനായി കാട്ടുന്ന ശുഷ്കാന്തി സ്വന്തം ആരോഗ്യ സംരക്ഷണത്തിൽ കാണിക്കാറില്ല. കാലാവസ്ഥാ വ്യതിയാനം ചില ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകളിലുമുണ്ടാക്കുന്നു. ആതിനാൽ, അത് മുൻകൂട്ടിക്കണ്ട് അതിനുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ജലദോഷപ്പനി, പകർച്ചപ്പനികൾ, വാത സംബന്ധമായ രോഗങ്ങൾ ഇവയാണ് കൂടുതലായി അലട്ടുന്നത്. പ്രത്യേകിച്ച് ആർത്തവപ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ. ജീവിതശൈലീ രോഗമുള്ള സ്ത്രീകളിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.
മഴക്കാലപൂർവ്വ വിരേചനം
ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ശരീരശുദ്ധിവരുത്തി വരുത്തുക എന്നതാണ്. അതായത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മഴക്കാലപൂർവ്വ വിരേചനം. ഔഷധങ്ങൾ ഉപയോഗിച്ച് സ്ത്രീയുടെ പ്രായം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, ആർത്തവകാലം ഇവയൊക്കെ പരിഗണിച്ചാണ് വിരേചനം ചെയ്യുന്നത്. മറ്റു ബുദ്ധിമുട്ടുകളും കൂടുതൽ പഥ്യാചരണവും കൂടാതെ അവിപത്തി ചൂർണം എന്ന ഔഷധം ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിന്റെ അളവ്, സമയം, എത്ര ദിവസം ഇതൊക്കെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യണം.
ആർത്തവ, ഹോർമോൺ തകരാർ ഒക്കെ ഉള്ളവർ എരണ്ട തൈലം അഥവാ ആവണക്കണ്ണ ഔഷധ യുക്തമായി ചെയ്യാവുന്നതാണ്. ചികിത്സയുടെ ഭാഗമായി ചെയ്യുന്ന വിരേചന കർമ്മവും ഉണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യ അവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയിൽ ഏത് കർമ്മമാണ് ചെയ്യേണ്ടത് എന്ന് നിശ്ചയിക്കണം.
ശോധനാകർമത്തിന് മുന്നോടിയായി ചെയ്യുന്ന പൂർവ കർമങ്ങളാണ് പലപ്പോഴും കർക്കടക ചികിത്സ ആയി വ്യാഖ്യാനിക്കപ്പെടുന്ന പിഴിച്ചിൽ, ഉഴിച്ചിൽ ഇവയെല്ലാം. ഏതൊരു ശോധനാ കർമം ചെയ്യുന്നതിനും മുന്നോടിയായി സ്നേഹനം, സ്വേദനം എന്നീ പൂർവ കർമങ്ങൾ ചെയ്യേണ്ടതാണ്. ആർത്തവ, ഹോർമോൺ സംബന്ധമായ ആരോഗ്യപ്രശ്നം ഉള്ളവർ ഔഷധം തിരഞ്ഞെടുക്കുന്നതിലും ചെയ്യേണ്ട ക്രമങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ജീവിതശൈലീ രോഗമുള്ളവർ, ദീർഘകാലമായി ഔഷധങ്ങൾ കഴിക്കുന്നവർ, മറ്റ് രോഗബാധയുള്ളവർ എന്നിവരൊക്കെ കഴിച്ചുകൊണ്ടിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ആയ ചികിത്സയ്ക്ക് അനുയോജ്യമായി, രോഗാവസ്ഥയ്ക്ക് അനുസരിച്ചുവേണം ശോധനാ കർമ്മം ചെയ്യേണ്ടത്. പൊതുവേ സ്ത്രീകളിൽ ഈ സമയത്ത് പേശിവേദന, സന്ധിവേദന എന്നീ ലക്ഷണങ്ങൾ അധികരിച്ചു കാണാറുണ്ട്. മദ്ധ്യവയസ്കരിൽ ആർത്തവവിരാമം അടുത്തവരിലും കഴിഞ്ഞവരിലുമൊക്കെയാണ് ഇത് കൂടുതലായും കാണുന്നത്. ഹോർമോൺ വ്യതിയാനത്തിലും കാൽസ്യം മെറ്റബോളിസത്തിലുമൊക്കെ വരുന്ന തകരാറുകളാണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നത്. അമിതാദ്ധ്വാനവും വ്യായാമക്കുറവും ഇതിന് കാരണമാകാറുണ്ട്. ഇത്തരക്കാർ ആഹാരകാര്യങ്ങളിലും ജീവിതരീതിയിലും ശ്രദ്ധ ചെലുത്തുകയും രോഗാവസ്ഥ അനുസരിച്ചുള്ള ഔഷധസേവ നടത്തുകയും വേണം.
ഔഷധമാണത്
കർക്കടകത്തിൽ കാലാവസ്ഥയ്ക്ക് അനുസൃതമായി ആഹാര കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പൊതുവേ ചൂടുകാലം കഴിഞ്ഞുള്ള മഴക്കാലമായതിനാൽ ദഹനവ്യവസ്ഥ മന്ദീഭവിച്ചിരിക്കുന്നതിനാൽ ദഹിക്കാൻ എളുപ്പമുള്ള ആഹാരശീലങ്ങൾ ആണ് നല്ലത്. ഔഷധ കഞ്ഞി ശീലിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തമാക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്. കർക്കടകത്തിൽ അതത് സ്ഥലങ്ങളിൽ കാലാകാലമായി ശീലിച്ചു വന്നിരുന്ന ഔഷധ കഞ്ഞികൾ പ്രചാരത്തിലുണ്ട്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ളതാണ് അരിയാറ് ചേർത്ത കഞ്ഞി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെ സഹായകമാണ്. കുടകപ്പാലയരി, കാർകോകിലരി, വിഴാലരി അയമോദകം, ആശാളി എന്നിവ ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി പഞ്ചകോല ചൂർണം, ത്രികടു ഇവ ചേർത്ത് കരിപ്പെട്ടിയും തേങ്ങാപ്പാലും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
വീട്ടിൽതന്നെ ലഭ്യമായ ഉലുവ, ജീരകം, ചുക്ക്, കരിപ്പട്ടി, തേങ്ങാപാൽ എന്നിവ ചേർത്ത കഞ്ഞിയും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഫലപ്രദമാണ്. ഞവര അരി കൊണ്ട് തയ്യാറാക്കിയ കഞ്ഞിയിൽ ദശപുഷ്പങ്ങൾ അരച്ചു ചേർത്തും ദശപുഷ്പങ്ങൾ കൊണ്ട് ഉണ്ടാക്കിയ കഷായത്തിൽ കഞ്ഞി പാകപ്പെടുത്തി ഉപയോഗിക്കുന്നതും സ്ത്രീകളിൽ വളരെ ആരോഗ്യദായകമാണ്. ദശപുഷ്പങ്ങളിലെ ഔഷധങ്ങൾ ആയ മുക്കുറ്റി, തിരുതാളി, മുയൽച്ചെവി,വിഷ്ണുക്രാന്തി, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി ഇവയൊക്കെ സ്ത്രീ സഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ ഫലവത്താണ്.
നടുവേദനയ്ക്ക് ഉഴിഞ്ഞ ചേർത്ത കഞ്ഞി ശീലിക്കുന്നത് ഫലപ്രദമാണ്. ചെറിയ പെൺകുട്ടികളിലും കൗമാരപ്രായക്കാരിലും ശർക്കരയോ പനംചക്കരയോ കരിപ്പട്ടിയോ ചേർത്ത് കഞ്ഞി തയ്യാറാക്കി പോഷക സമൃദ്ധമാക്കി കൊടുക്കാവുന്നതാണ്. തേങ്ങാപ്പാൽ ചേർത്ത് ചെറുപയർ, ക്യാരറ്റ്, ബീൻസ്, തക്കാളി ഇവ ചേർത്ത് മധുരത്തിന് ശർക്കരയും ചേർത്ത് കുട്ടികൾക്കുള്ള കഞ്ഞി തയ്യാറാക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
മലർകഞ്ഞി കഞ്ഞി തേനും ചേർത്ത് കഴിക്കുന്നതും ഊർജദായകമാണ്. ഔഷധ കഞ്ഞി ഒരു നേരത്തെ ആഹാരം ആയി കഴിക്കുന്നത് ആയിരിക്കും നല്ലത്. മറിച്ച് മൂന്നുനേരം കഴിക്കുന്ന ആഹാരവും അതിന്റെ കൂടെ കർക്കടകക്കഞ്ഞി അധികമായും കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതായത് രാവിലെ ഒരു നേരത്തെ ആഹാരമായോ രാത്രിയിൽ ഒരു നേരത്തെ ആഹാരമായോ ശീലിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ നേരത്തെയെങ്കിലും കഞ്ഞി കുടിച്ചിരിക്കണം.
പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ..
സ്ത്രീകളിൽ പ്രത്യേകിച്ചും കാണുന്ന ഒരു ശീലമാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പൊണ്ണത്തടി, ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലീ രോഗങ്ങൾ ഇവയൊക്കെ ഈ ശീലം വഴിയൊരുക്കുന്നു. ആയതിനാൽ പ്രഭാതഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കുന്ന ശീലം കർക്കടക ആരോഗ്യസംരക്ഷണത്തിൽ തന്നെ ഉൾപ്പെടുത്തി തുടങ്ങിയാൽ നമ്മുടെ ഒരു ദിനചര്യ ചിട്ടപ്പെടുത്തുന്നതിനു നല്ലൊരു തുടക്കമാവും.
പത്തിലക്കറികൾ
കേരളത്തിൽ ശീലമുണ്ടായിരുന്നതാണ് പത്തിലക്കറികൾ. കാലാവസ്ഥയ്ക്ക് അനുസൃതമായി പ്രകൃതിയിൽ ലഭ്യമായ ഇലകൾ വച്ച് തയ്യാറാക്കിയ കറികളാണിവ. താള്, തകര, കോവൽ, മത്തയില, പയറില, ചേമ്പ്, ചേന, ചീര, തഴുതാമ, കുമ്പളത്തില ഇവയൊക്കെയാണ് പത്തിലകൾ. ഈ സമയത്ത് സസ്യങ്ങളിൽ പുതിയ നാമ്പ് വരുന്ന സമയമാണ്. അതിനാൽ ഇവയുടെ തളിർ ഇലകൾ കൊണ്ടു തയ്യാറാക്കുന്ന ഇലക്കറികൾ തീർച്ചയായും ശരീരത്തിലെ രോഗ പ്രതിരോധശേഷി ശക്തമാക്കുന്നതിന് അത്യുത്തമമാണ്.
വ്യായാമം ഒഴിവാക്കരുത്
സ്ത്രീകളിൽ കാണുന്ന ഒരു ശീലമാണ് ഒന്നുകിൽ അമിതാദ്ധ്വാനം അല്ലെങ്കിൽ വ്യായാമത്തിൽ ശ്രദ്ധയില്ലായ്മ. രണ്ടും അനാരോഗ്യ അവസ്ഥയ്ക്ക് കാരണമാകുന്നു. കർക്കടകത്തിൽ പൊതുവേ ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ശരീര ശക്തിക്ക് അനുസരിച്ച് വീട്ടിനുള്ളിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങളിൽ ഏർപ്പെടാവുന്നതാണ്. യോഗ, മെഡിറ്റേഷൻ ഇവ ശാരീരിക മാനസിക ആരോഗ്യത്തിന് ഫലപ്രദമാണ്. ധന്വന്തരം സഹചരാദി തൈലം തേച്ചു കുളിക്കുന്നത് ആരോഗ്യദായകമാണ്. രോഗാവസ്ഥയ്ക്ക് അനുസരിച്ച് തേച്ച് കുളിക്കേണ്ട എണ്ണ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാറ്റേണ്ടതാണ്. ഉറക്കവും ഈ കാലത്ത് ശ്രദ്ധിക്കണം. പകലുറക്കം ഒഴിവാക്കണം. 7 മുതൽ 8 മണിക്കൂർ വരെ സ്വസ്ഥമായ ഉറക്കം ശീലിക്കേണ്ടതാണ്. കൃത്യമായ ആഹാരശീലങ്ങൾ, വ്യായാമം, ഉറക്കം, ജീവിതശൈലി ക്രമീകരണം ഇവയിലൂടെ രോഗപ്രതിരോധ സംവിധാനം ശക്തമാക്കുക.
ഡോ. ജി.പി സിദ്ധി
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ഡിസ്‌പെൻസറി
കാട്ടാക്കട, തിരുവനന്തപുരം.