തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ മറയാക്കി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കവേ, പ്രതിപക്ഷ നേതാവിനെ ലാക്കാക്കി സി.പി.എം പ്രത്യാക്രമണം തുടങ്ങിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയപോരിന് ചൂടേറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആർ.എസ്.എസിന്റെ കേരളത്തിലെ പ്രിയങ്കരനായ നേതാവെന്ന് കഴിഞ്ഞാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇന്നലെ ഈ ആക്ഷേപം ഒന്നുകൂടി ശക്തിപ്പെടുത്തി പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതി. തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസം ബാക്കി നിൽക്കെ, ഭരണ- പ്രതിപക്ഷ കക്ഷികൾ പരസ്പരം കൊണ്ടും കൊടുത്തും കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് തുടങ്ങി.

ചെന്നിത്തല ആർ.എസ്.എസ് അനുഭാവിയുടെ മകനാണെന്ന് പറയുന്ന ലേഖനത്തിൽ, കേരളത്തിൽ ആർ.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവായി പ്രതിപക്ഷനേതാവ് മാറിയെന്നും കോടിയേരി ആരോപിച്ചു. ഇരുതല മൂർച്ചയുള്ള ആക്രമണമാണ് കോടിയേരി ഇതിലൂടെ നടത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളിൽ യു.ഡി.എഫ് മൗനം പാലിക്കുന്നത് ചെന്നിത്തലയുടെ ആർ.എസ്.എസ് ബന്ധം കൊണ്ടാണെന്ന് ആരോപിക്കുക വഴി കോടിയേരി ലക്ഷ്യമിടുന്നത് മലബാറിലെയടക്കം മുസ്ലിം മതന്യൂനപക്ഷങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് സവർണ്ണ ഹൈന്ദവ പരിവേഷം ചാർത്തി നൽകുക വഴി മദ്ധ്യതിരുവിതാംകൂറിലെ കോൺഗ്രസ് ബെൽറ്റുകളിലും ആശയക്കുഴപ്പം വിതയ്ക്കാമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അന്തച്ഛിദ്രത്തിന് വിത്തുപാകാമെന്ന കണക്കുകൂട്ടലുണ്ടെന്നും വേണം കരുതാൻ.

അതേസമയം, സ്വർണ്ണക്കടത്ത് വിവാദത്തിൽ ദേശീയ അന്വേഷണ ഏജൻസി 25 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്താതിരുന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസത്തിന്റെ വലിയ ഇടവേളയാണ് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ, അന്വേഷണ ഏജൻസിയുടെ തുടർനീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ യു.ഡി.എഫ് നേതൃയോഗത്തിന് ശേഷവും എൻ.ഐ.എ നീക്കങ്ങളെ തള്ളിപ്പറയാൻ പ്രതിപക്ഷനേതാവ് തയാറാകാതിരുന്നത് ശ്രദ്ധേയമാണ്.

ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയാണുള്ളത്. അത് ചിലപ്പോൾ അറസ്റ്റിലേക്കെത്തിയേക്കാം. ഇനി ശിവശങ്കർ അറസ്റ്റിലായില്ലെങ്കിലും അദ്ദേഹത്തിന്റെ സസ്പെൻഷനിലേക്ക് കാര്യങ്ങളെത്തിച്ച നടപടികൾ മുഖ്യമന്ത്രിയുടെ നേർക്ക് ആക്രമണം ശക്തമാക്കാനുള്ള മതിയായ ആയുധമായാണ് പ്രതിപക്ഷം കാണുന്നത്. വെറും പത്താംക്ലാസ് മാത്രമുള്ള, സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിലെ സുപ്രധാന പ്രോജക്ടിൽ ഉയർന്ന തസ്തികയിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിലൂടെയാണെന്ന് ചീഫ്സെക്രട്ടറി സമിതി കണ്ടെത്തിയതും പ്രതിപക്ഷം ആയുധമാക്കുന്നു. മുഖ്യമന്ത്രി അറിയാതെയാണ് ഇതെല്ലാം നടന്നതെങ്കിൽ അത് അദ്ദേഹത്തിന്റെ ഗുരുതര വീഴ്ചയാണെന്നാണ് പ്രതിപക്ഷവാദം. ഈ സ്ഥിതിക്ക് വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും പ്രക്ഷോഭം ശക്തമാക്കാനും പ്രതിപക്ഷം തയാറെടുക്കുകയാണ്. സെപ്റ്റംബർ ആദ്യവാരം നിയമസഭാസമ്മേളനം ചേരാതിരിക്കാനാവില്ലെന്നിരിക്കെ, അതുവരേയ്ക്കും വിഷയം കത്തിച്ചുനിറുത്താനാണ് നീക്കം. നിയമസഭാ സമ്മേളനത്തിൽ വീണ്ടും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകുമെന്നുറപ്പാണ്.

പ്രക്ഷോഭ വഴിയിൽ ബി.ജെ.പിയും

ബി.ജെ.പിയും രണ്ടും കല്പിച്ചാണ്. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാളേറെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന ഘടകം പാർട്ടി യന്ത്രം ചലിപ്പിക്കുന്നത്. സ്വർണ്ണക്കടത്ത് വിഷയം പരമാവധി കത്തിച്ചുനിറുത്താനാണ് ബി.ജെ.പിയുടെ ശ്രമം. കസ്റ്റംസ് തലപ്പത്ത് കഴിഞ്ഞ ദിവസമുണ്ടായ നിർണായകമായ സ്ഥാനചലനം, ബി.ജെ.പി നേതൃത്വത്തിന്റെ അപ്രീതിയുടെ പരിണിതഫലമാണെന്ന് വ്യക്തം. സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും വിളിച്ചിട്ടില്ലെന്ന് ആദ്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.

കേന്ദ്രസർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളും സ്വർണ്ണക്കടത്ത് വിഷയത്തിൽ നടത്തുന്ന തുടർനീക്കങ്ങൾ കേരളരാഷ്ട്രീയത്തെ ഏതളവ് വരെ അവരുടെ വരുതിയിലേക്ക് കൊണ്ടുപോകുമെന്നതിലേക്കും രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.