july31b

ആറ്റിങ്ങൽ: എയ്ഡഡ് കോളോജായിട്ടും മാനേജ്മെന്റ് ക്വാട്ട വേണ്ടെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ കോളേജ് എന്ന നിലയിൽ തോന്നയ്ക്കൽ സായിഗ്രാമത്തിൽ പ്രവർത്തിക്കുന്ന സത്യസായി ആട്സ് ആൻഡ് സയൻസ് കോളേജ് മാതൃകയാകുന്നു.

2018-19 അദ്ധ്യയന വർഷത്തിലാണ് കോളേജ് സത്യസായി ഓർഫനേജ് ട്രസ്​റ്റ് - കേരളയുടെ നിയന്ത്റണത്തിൽ കേരള യൂണിവേഴ്‌സി​റ്റിയുമായി അഫിലിയേ​റ്റ് ചെയ്തത്. 2018-19 അദ്ധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 3 കോഴ്‌സുകളാണ് കേരള ഗവൺമെന്റും കേരള യൂണിവേഴ്‌സി​റ്റിയും അനുവദിച്ചത്. ബി.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, ബി.എസ്.സി ഫിസിക്‌സ്, ബികോം ഫിനാൻസ് എന്നിവയാണിവ.

ആകെ 100 വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകിയത്. ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോൾ 240 വിദ്യാർത്ഥികൾ ഇവിടെ പഠനം തുടരുകയാണ്. മെറി​റ്റ് അടിസ്ഥാനത്തിൽ കേരള യൂണിവേഴ്‌സി​റ്റിയുടെ ഓൺലൈൻ പ്രോസസ്സ് പ്രകാരമാണ് അഡ്മിഷൻ നടക്കുന്നത്. കോളോജിന് നേതൃത്വം നൽകുന്നത് സത്യസായി ഓർഫനേജ് ട്രസ്​റ്റ് ഫൗണ്ടർ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറാണ്.

2500 പുസ്തകങ്ങളുള്ള ലൈബ്രറി,​ സയൻസ് ലാബ്,​ കമ്പ്യൂട്ടർ ലാബ് എന്നിവ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

യൂ.ജി.സി,യുടെ നിർദ്ദേശം അനുസരിച്ച് ആന്റി റാഗിംഗ് സെൽ, വിമൻസ് സെൽ, കോളേജ് കൗൺസിൽ, സ്​റ്റുഡന്റ്‌സ് സെൽ, എക്‌സ്ട്രാ കരിക്കുലർ ആക്ടിവി​റ്റി സെൽ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

കോളേജിന്റെ മറ്റൊരു പ്രത്യേകത മുഴുവൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യമായി ഉച്ച ഭക്ഷണം നൽകുന്നുവെന്നതാണ്. കൂടാതെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ട്രസ്​റ്റ് സാമ്പത്തിക സഹായസഹകരണങ്ങൾ നൽകിവരുന്നുണ്ട്. പഠനത്തോടൊപ്പം എക്‌സ്ട്രാ കരികുലർ ആക്ടിവി​റ്റീസായി യോഗ, ആയോധനകലയായ കളരി, ചെണ്ട, തോ​റ്റംപാട്ട്, തുടങ്ങിയ നാടൻ കലകളും അതോടൊപ്പം വിദേശ ഭാഷയായ ജാപ്പനീസും പരിശീലിക്കാൻ അവസരം ഉണ്ട്.