ആറ്റിങ്ങൽ: എയ്ഡഡ് കോളോജായിട്ടും മാനേജ്മെന്റ് ക്വാട്ട വേണ്ടെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ കോളേജ് എന്ന നിലയിൽ തോന്നയ്ക്കൽ സായിഗ്രാമത്തിൽ പ്രവർത്തിക്കുന്ന സത്യസായി ആട്സ് ആൻഡ് സയൻസ് കോളേജ് മാതൃകയാകുന്നു.
2018-19 അദ്ധ്യയന വർഷത്തിലാണ് കോളേജ് സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരളയുടെ നിയന്ത്റണത്തിൽ കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്. 2018-19 അദ്ധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 3 കോഴ്സുകളാണ് കേരള ഗവൺമെന്റും കേരള യൂണിവേഴ്സിറ്റിയും അനുവദിച്ചത്. ബി.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, ബി.എസ്.സി ഫിസിക്സ്, ബികോം ഫിനാൻസ് എന്നിവയാണിവ.
ആകെ 100 വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകിയത്. ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോൾ 240 വിദ്യാർത്ഥികൾ ഇവിടെ പഠനം തുടരുകയാണ്. മെറിറ്റ് അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പ്രോസസ്സ് പ്രകാരമാണ് അഡ്മിഷൻ നടക്കുന്നത്. കോളോജിന് നേതൃത്വം നൽകുന്നത് സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറാണ്.
2500 പുസ്തകങ്ങളുള്ള ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
യൂ.ജി.സി,യുടെ നിർദ്ദേശം അനുസരിച്ച് ആന്റി റാഗിംഗ് സെൽ, വിമൻസ് സെൽ, കോളേജ് കൗൺസിൽ, സ്റ്റുഡന്റ്സ് സെൽ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി സെൽ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
കോളേജിന്റെ മറ്റൊരു പ്രത്യേകത മുഴുവൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യമായി ഉച്ച ഭക്ഷണം നൽകുന്നുവെന്നതാണ്. കൂടാതെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് സാമ്പത്തിക സഹായസഹകരണങ്ങൾ നൽകിവരുന്നുണ്ട്. പഠനത്തോടൊപ്പം എക്സ്ട്രാ കരികുലർ ആക്ടിവിറ്റീസായി യോഗ, ആയോധനകലയായ കളരി, ചെണ്ട, തോറ്റംപാട്ട്, തുടങ്ങിയ നാടൻ കലകളും അതോടൊപ്പം വിദേശ ഭാഷയായ ജാപ്പനീസും പരിശീലിക്കാൻ അവസരം ഉണ്ട്.