general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം - കൊടിനട നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഏറെ വെല്ലുവിളികളോടെ കടന്നുപോയ അയണിമൂട് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ പാതവികസനം വേഗത്തിലായി. ലോക്ക് ഡൗണും മഴയും വില്ലനായതോടെ രണ്ട് മാസത്തോളമാണ് പണികൾ തടസപ്പെട്ടത്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ നിലവിൽ വരികയും സാമൂഹിക അകലം നിർബന്ധമാക്കിയതോടെ തൊഴിലിടങ്ങളിൽ കർശനനിയന്ത്രണങ്ങളുമായി. ഇതേത്തുടർന്ന് നിർമ്മാണസാമഗ്രികൾ എത്തിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി. സർക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ജനങ്ങളുടെ ആശങ്കയകറ്റി പാത വികസനം വീണ്ടും പുനഃരാരംഭിച്ചത്.

ആരംഭിച്ചത് - 2 മാസമായി നിറുത്തിവച്ച പണി

ലോക്ക് ഡൗണും മഴയും ദേശീയപാത വികസനത്തിന് വില്ലനായി

വാഹന ഗതാഗതം തുടങ്ങി

ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം ബാലരാമപുരം – പള്ളിച്ചൽ ഭാഗത്തേക്ക് വാഹനഗതാഗതം തുടങ്ങി. നിലവിൽ ബാലരാമപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ പുന്നമൂട് പള്ളിച്ചൽ വഴിയാണ് തിരിച്ചുവിടുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡായതുമൂലം ഈ ഭാഗത്തെ ഗതാഗതവും ഏറെ വെല്ലുവിളി നിറഞ്ഞതായി. നിയന്ത്രണം മാറ്റിയെങ്കിലും ഭൂരിഭാഗം വാഹനങ്ങളും ഇപ്പോഴും പുന്നമൂട് വഴിയാണ് പോകുന്നത്. പള്ളിച്ചൽ ജംഗ്ഷൻ മുതൽ -പാരൂർക്കുഴി റോഡ് വരെ മെറ്റൽ പാകിയിരിക്കുന്നതു മൂലമാണ് പൂർണമായ തോതിൽ വാഹനങ്ങൾ കടത്തിവിടാത്തതെന്നും എന്നാൽ വാഹനഗതാഗതത്തിന് മറ്റ് വിലക്കുകളില്ലെന്നുമാണ് ദേശീയപാത വിഭാഗം അറിയിച്ചിരിക്കുന്നത്.

പള്ളിച്ചൽ തോടിൽ പാലം പണി തുടങ്ങി

പ്രാവച്ചമ്പലം രാജപാതയോട് ചേർന്നുള്ള പള്ളിച്ചൽ തോടിൽ പാലം നിർമ്മിക്കുന്നതിന്റെ പണികളും ആരംഭിച്ചു. അയണിമൂട് പാലം പണിത അതേ കാലയളവ് തന്നെ പള്ളിച്ചൽ തോടിന് കുറുകെ പാലം പണിയാൻ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ജെ.സി.ബി കൊണ്ട് പഴയ റോഡ് ഇടിച്ചുനിരത്തി ആദ്യഘട്ടജോലികൾ തുടങ്ങി. തോടിന് കുറുകെ പാലം പണിയാൻ അമ്പത് ദിവസത്തോളം വേണ്ടിവരുമെന്നാണ് ദേശീയപാത വിഭാഗം അറിയിച്ചിരിക്കുന്നത്. മഴ വില്ലനായില്ലെങ്കിൽ ഒക്ടോബറോടെ പള്ളിച്ചൽ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ജോലികൾ പൂർത്തിയാവും.

മീഡിയൻ സിഗ്നൽ സംവിധാനങ്ങൾ

പാതവികസനം വേഗത്തിലായതോടെ പ്രാവച്ചമ്പലം മുതൽ കൊടിനട വരെ മീഡിയൻ-സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്റെ ജോലികളും ഉടൻ ആരംഭിക്കും. പ്രാവച്ചമ്പലം,​ പള്ളിച്ചൽ,​മുടവൂർപാറ,​വെടിവെച്ചാൻകോവിൽ,​ കൊടിനട തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നൽ സംവിധാനം വരുന്നത്. ഈ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ജോലികളും അനുബന്ധിച്ച് നടക്കും. ഓടകളിലെ മാൻഹോളുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതിന്റെ ജോലികളും അവസാനഘട്ടത്തിലാണ്.