02

ശ്രീകാര്യം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉപകേന്ദ്രമായ പാങ്ങപ്പാറ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂർ കിടത്തി ചികിത്സയ്ക്കുള്ള ഉത്തരവ് ഇറങ്ങി ഒരുവർഷം കഴിഞ്ഞിട്ടും പദ്ധതി യാഥാർത്ഥ്യമായില്ലെന്ന് പരാതി. കോടികൾ മുടക്കി കിടത്തിചികിത്സയ്ക്കുള്ള കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ട് വർഷങ്ങളായിട്ടും പ്രവർത്തന സജ്ജമാക്കാനായിട്ടില്ല. ഒരു ഹെഡ്നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ്, 2 ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ, ക്ലാർക്ക് തുടങ്ങിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവും ഇറങ്ങിയിരുന്നെങ്കിലും എല്ലാ നടപടികളും കടലാസിൽ മാത്രം ഒതുങ്ങി. പാങ്ങപ്പാറ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബഹുനില ആശുപത്രി മന്ദിരം നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ ഏതാനും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ബ്ലോക്ക് പഞ്ചായത്ത് ഒ.പി വിഭാഗവും നിർമ്മിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ ചുമതല മെഡിക്കൽ കോളേജിലെ ജീവനക്കാർക്കാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം സ്ഥിരമായി ലഭിച്ചതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണവും വർദ്ധിച്ചു. ദിവസം 1500 ലേറെ ആളുകൾ വരെ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ കഴക്കൂട്ടം നിവാസികളുടെ ഏറെ നാളത്തെ പ്രതീക്ഷയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. അതേസമയം വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ഉയരുന്നുണ്ട്. ഇടതുസർക്കാരും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയും പാങ്ങപ്പാറ ആശുപത്രിയെ തകർക്കാനാണ് നോക്കുന്നതെന്ന് കഴക്കൂട്ടം മുൻ എം.എൽ.എ അഡ്വ. എം.എ. വാഹീദ് ആരോപിച്ചു. ആശുപത്രിയുടെ പിതൃത്വത്തെച്ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള തർക്കമാണ് പാങ്ങപ്പാറ ആശുപത്രിക്ക് വിനയാകുന്നതെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്.രാജീവ് പറഞ്ഞു. പദ്ധതി നടത്തിപ്പിലെ കാലതാമസം ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉളവാക്കിയിട്ടുണ്ടെന്നും ആശുപത്രിയുടെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായ സമീപനമാണ് വേണ്ടതെന്നും കഴക്കൂട്ടം ജനകീയ വികസന സമിതി ജനറൽ സെക്രട്ടറി എസ്. മനോഹരൻ പറയുന്നു.

നിലവിൽ പരിമിതമായ സൗകര്യം

പുതിയ മൂന്നുനില കെട്ടിടം ഉണ്ടെങ്കിലും ആസ്ബസ്റ്റോസ് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലാണ് നിലവിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒ.പി ബ്ലോക്കിനും ക്വാർട്ടേഴ്‌സിനും മാത്രമാണ് കോൺക്രീറ്റ് കെട്ടിടങ്ങളുള്ളത്. കൂടാതെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നിന്നെത്തിച്ച ഐ.സി യൂണിറ്റുകളും കിടക്കകളും നിരവധി ആശുപത്രി ഉപകരണങ്ങളും കിടത്തിചികിത്സയ്ക്ക് ഏറെ പ്രയോജനകരമാണ്.

ആശുപത്രിക്കായി ഉള്ളത് - 2.75 ഏക്കർ

ആകെ ചെലവ് - 2.5 കോടി രൂപ

നിർമ്മാണം പൂർത്തിയായിട്ട് - 4 വർഷം

 അറുപതിലധികം രോഗികളെ കിടത്തി ചികിത്സിക്കാം

 സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങിയത് 10 തസ്തികകളിലേക്ക്

പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തെ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെട്ടിടം പണിതതല്ലാതെ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ആധുനിക സൗകര്യങ്ങളും മെഡിക്കൽ ഉപകരണങ്ങളും മറ്റ് അടിസ്ഥാന വികസനത്തിനുമായി തയ്യാറാക്കിയ പദ്ധതി ഉടൻ നടപ്പിലാക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ