treat

പൂവാർ: തീരദേശത്ത് സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ജനങ്ങൾക്കിടയിലെ ഭയവും ആശങ്ക ഒരു പരിധിവരെ ശമിപ്പിക്കാനാകുമെന്നാണ് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രതീക്ഷ. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈയിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ തീരദേശ മേഖലയിൽ കരുംകുളം പഞ്ചായത്ത് പുതിയതുറ സെന്റ് നിക്കോളാസ് കമ്യൂണിറ്റി ഹാളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവായ കേസുകളിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ഇവിടെ ചികിത്സ നൽകുകയാണ് ഉദ്ദേശം. തീരദേശ മേഖലയിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്.

സെന്റർ എങ്ങനെ

ഫസ്റ്റ് ലൈൻ ട്രീറ്റ്മന്റ് സെന്ററിന് അനുയോജ്യമായ കെട്ടിടം കണ്ടെത്തേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഗ്രാമ പഞ്ചായത്ത് മേഖലയിൽ നിലവിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് സമീപത്തായി കണ്ടെത്തുന്ന സ്ഥലം ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തേണ്ടതും ഒരു വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരം മാത്രം അംഗീകരിക്കുന്നതുമായിരിക്കും. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ ഒരു മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് മേഖലയിൽ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ആശുപത്രികൾ, പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ഓഡിറ്റോറിയങ്ങൾ, മത, സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയവ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ടെത്തണം. ഭക്ഷണം, പാർക്കിംഗ്, ടോയ്‌ലറ്റ്, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി ഒരു ആശുപത്രിയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിരിക്കണം.

മറ്റ് സൗകര്യങ്ങൾ

 ഫ്രണ്ട് ഓഫീസ്

 ഡോക്ടറുടെ മുറി

 ഒബ്സർവേഷൻ മുറി

 നഴ്സിംഗ് സ്റ്റേഷൻ

 ഫാർമസി

 സ്റ്റോർ

 സ്റ്റാഫ് റൂം

പദ്ധതി തുക

50 മുതൽ 100 വരെ ബെഡുള്ള സെന്ററിന് 25 ലക്ഷവും 100 മുതൽ 200 വരെ 40 ലക്ഷവും 200 ന് മുകളിൽ 60 ലക്ഷവുമാണ് സെന്ററുകളുടെ പ്രവർത്തനത്തിന് ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിക്കുക.