jj

നെയ്യാറ്റിൻകര: ചരിത്ര നിശ്വാസങ്ങളുമായി ഉറങ്ങുന്ന സ്ഥലമാണ് നെയ്യാറ്റിൻകര താലൂക്കിലെ ശാസ്താന്തല എന്ന പ്രദേശം. സ്വതന്ത്രഭാരത സൃഷ്ടിക്ക് മുൻപേതന്നെ വോളിബാൾ കളിക്കാരുടെ ഒരു ഗ്രാമം കൂടെയായിരുന്നു ശാസ്താന്തല. ശ്രീനാരായണ ഗുരുദേവൻ നിരവിധ തവണ ശാസ്താന്തലയിലെ കണ്ണുവൈദ്യന്മാർ താമസിച്ചിരുന്ന മേലതിൽ വീട്ടിൽ വിശ്രമിക്കാനെത്തുമായിരുന്നു. ഗുരു സ്ഥാനം കണ്ട് കുഴിച്ച കിണർ ഇവിടെ ഇപ്പോഴും നിറയെ കണ്ണുനീർ പോലുള്ള വെള്ളവുമായി സ്ഥിതി ചെയ്യുന്നുണ്ട്. മണലിവിളയിൽ പ്രവർത്തിച്ചിരുന്ന അപ്പുക്കുട്ടൻ നായർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനോടൊപ്പം വോളീബാൾ കളിക്ക് പ്രാധാന്യം നൽകിയ ശാസ്താന്തലയിലെ മറ്റൊരു ക്ലബായിരുന്നു 'ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്' . ഒരു കാലത്ത് ജില്ലാ തലത്തിലും പ്രാദേശികവുമായി നടന്നിരുന്ന ഒട്ടുമിക്ക വോളീബാൾ മത്സരങ്ങളിലും മണലിവിളയിലെ ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാല് തലുറകളായി ശാസ്താന്തലയിൽ വേളീബാൾ കളി തുടരുന്നുണ്ട്.

ആദ്യകാല അദ്ധ്യാപക അവാർഡ് ജേതാവ് പരേതരായ ജെ. പൊന്നു, എ.ടി.ഒയായിരുന്ന പരേതനായ കൃഷ്ണൻപണിക്കർ, പ്രൊഫ. കെ.പി. സുശീലൻ,​ അത്താഴമംഗലത്ത് ബാലൻ പണിക്കർ, ശ്രീധരപ്പണിക്കർ, തിരുവനന്തപുരം മുൻ സി.ടി.ഒ ആ‌ർ. വിശ്വംഭരൻ, അദ്ധ്യാപകനായ വിദ്യാധരൻ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മണലിവിള രാമചന്ദ്രൻ,​ ജഗദീശൻ, തുളസീദാസ്, ചീഫ് എൻജിനിയറായിരുന്ന ബി.എസ്. രാധാകൃഷ്ണൻ, കെ.എസ്. സാബു എന്നിവരൊക്കെ ഇവിടത്തെ വോളീബാൾ കളിക്കാരായിരുന്നു.

ശാസ്താന്തല യു.പി സ്കൂളിനോട് ചേർന്നുള്ള വിശാലമായ ഗ്രൗണ്ടിലായിരുന്നു വോളീബോൾ കളി നടന്നിരുന്നത്. ഇവിടെ വോളീബോൾ ടൂ‌ർണമെന്റ് നടക്കുമ്പോൾ താലൂക്കിലെ മുഴുവൻ സ്പോർട്സ് സ്നേഹികളും എത്തുമായിരുന്നു. നിരവധി സംസ്ഥാന-ജില്ലാ ടൂർണമെന്റുകൾക്ക് ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ജിമ്മി ജോർജ് അടക്കം ദേശിയ താരങ്ങൾ ഇവിടെ കളിക്കാൻ എത്തിയിട്ടുണ്ട്.

ഗ്രൗണ്ട് നവീകരണം

വിവിധ ക്ലബുകളുടെ പരിശ്രമത്തിൽ ഫ്ലെഡ് ലൈറ്റ് സ്ഥാപിച്ച്‌ രാത്രി കാലങ്ങളിൽ കളി തുടർന്നു വന്നിരുന്നു. പിന്നീട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബുവിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തെ നഗരസഭയുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി ഗ്രൗണ്ട് നവീകരിച്ചു. മിനി ഗാലറി സംവിധാനവും ഏർപ്പെടുത്തി. 20 ലക്ഷത്തിലേറെ തുക ചെലവിട്ട് ഗ്രൗണ്ട് പിന്നേയും നഗരസഭ നവീകരിച്ചു. സംസ്ഥാന നിലവാരമുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന ഒരിടമായി ഈ ഗ്രൗണ്ട് മാറിയ അഭിമാനത്തിലാണ് നാട്ടുകാർ. ജൂലായ് 6 നാണ് നഗരസഭ ഗ്രൗണ്ട് നവീകരണം പൂർത്തിയാക്കിയത്.