police

വിതുര: മണ്ണിനെ പൊന്നാക്കി നൂറുമേനി വിളകൊയ്യാനായി പൊലീസുകാരും കർഷകരായി രംഗത്തിറങ്ങുന്നു. വിതുര ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരാണ് കൃഷിക്കാരായി തൂമ്പയുമായി മണ്ണിലേക്കിറങ്ങിയത്. വിതുര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഏക്കർ കണക്കിന് ഭൂമി തരിശായി കിടക്കുന്നുണ്ട്. കാട് മൂടി കിടക്കുന്ന ഭൂമി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിട്ട് കാലങ്ങളേറെയായി. പാമ്പുകൾ സ്റ്റേഷനകത്തുവരെ കയറിയ സംഭവവുമുണ്ടായി. മാത്രമല്ല സ്റ്റേഷൻ പരിസരത്ത് വച്ച് ഒരാളെ പാമ്പ് കടിക്കുകയും ചെയ്‌തിരുന്നു. തരിശുഭൂമി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്തും,സബ് ഇൻസ്പെക്ടർ വി.എൽ. സുധീഷും ആലോചന നടത്തിയപ്പോഴാണ് സർക്കാർ പുതുതായി ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി ശ്രദ്ധയിൽ പെട്ടത്. വിതുര കൃഷി ഭവന്റെയും, വിതുര പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് സ്റ്റേഷൻ വളപ്പിൽ കൃഷി നടത്തുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ഒപ്പമുണ്ടാകും. ആദ്യ ഘട്ടത്തിൽ അര ഏക്കറോളം ഭൂമിയിൽ കൃഷി നടത്തും. രണ്ടാം ഘട്ടത്തിൽ ശേഷിച്ച ഭൂമിയിലും, വിതുര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ വകയായുള്ള കാട് കയറി കിടക്കുന്ന ഭൂമിയിലും കൃഷി ആരംഭിക്കും. വാഴ, പച്ചക്കറി, ഫലവൃക്ഷങ്ങൾ, മത്സ്യകൃഷി എന്നിവയാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ കൃഷികൾ നടത്താനാണ് തീരുമാനം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൃഷി ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അറിയിച്ചു.