bjp

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതാണോ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി .ജെ. പി ആസ്ഥാനത്ത് ഒ.രാജഗോപാൽ എം.എൽ.എ നടത്തുന്ന ഉപവാസസമരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ലാവ്‌ലിൻ കേസിനെക്കാൾ ഗുരുതരമാണ് സ്വർണക്കള്ളക്കടത്ത് കേസ്. രാജ്യദ്രോഹത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നൽകുന്നത്. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കള്ളക്കടത്ത് കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധമുണ്ടാക്കി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്ട്ര കള്ളക്കടത്തുകാർക്കായി ഇടപെട്ടത്. മന്ത്രി കെ.ടി.ജലീൽ എല്ലാ ചട്ടങ്ങളും മറികടന്നാണ് ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു. സ്വർണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് കേരള ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്. എന്നാൽ മുഖ്യമന്ത്രി അതു നിഷേധിച്ചു. ഗത്യന്തരമില്ലാതെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. അദ്ദേഹം പറഞ്ഞു.


ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലെ വേദിയിൽ നിലവിളക്ക് തെളിച്ചാണ് ഒ.രാജഗോപാൽ ഉപവാസം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ സ്വാഗതവും കരമന ജയൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജെ. ആർ. പദ്മകുമാർ, സി. ശിവൻകുട്ടി, എസ്.സുരേഷ്, പ്രൊഫ. വി.ടി.രമ, ഡോ.പി.പി. വാവ തുടങ്ങിയവരും സംബന്ധിച്ചു.