അമ്മയ്ക്ക് പൊന്നോമനകൾക്കായി നൽകാൻ കഴിയുന്ന അമൃതാണ് മുലപ്പാൽ. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ അമ്മമാരേയും കുടുംബത്തേയും ബോധവത്കരിക്കുന്നതിലേക്കായി എല്ലാ വർഷവും ആഗസ്റ്റ് മാസം ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമായി ലോകമെങ്കാടും ആഘോഷിക്കുന്നു. മുലയൂട്ടൽ സന്ദേശം എല്ലാവരിലും എത്തിക്കുക, കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുക എന്നതാണ് മുലയൂട്ടൽ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. മുലയൂട്ടൽ ആഴ്ച്ച 2020 ന്റെ തീം 'ആരോഗ്യകരമായ ഒരു ഗ്രഹത്തിന് മുലയൂട്ടലിനെ പിന്തുണയ്ക്കുക.
അമ്മയ്ക്ക് തന്റെ കുഞ്ഞിന് നൽകാൻ കഴിയുന്ന സമ്പൂർണ്ണമായ ആഹാരമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും, ബുദ്ധിവികാസത്തിനും ശരിയായ രീതിയിലുള്ള പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. മുലപ്പാലിൽ കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും, വികാസത്തിനും ആവശ്യമായ പോഷകങ്ങൾ (കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പുകൾ, വിറ്റാമിനുകൾ, മിനറലുകൾ) ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും, അസുഖങ്ങളിൽ നിന്ന് സംരക്ഷണവും, പ്രതിരോധവും ലഭിക്കുന്നു. ആദ്യമായി കുഞ്ഞിനെ മുലയൂട്ടുമ്പോൾ അമ്മയ്ക്ക് മുലയൂട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറുമാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ എന്ന് ലോകാരോഗ്യ സംഘടന ശക്തമായി ശുപാർശ ചെയ്യുന്നു.
അമ്മയ്ക്ക് സുഖപ്രസവമാണെങ്കിൽ പ്രസവ ശേഷം ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിന് മുലയൂട്ടൽ ആരംഭിക്കണം. സിസേറിയനാണെങ്കിൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകേണ്ടതാണ്. മാസം തികയാതെയുള്ള പ്രസവമാണെങ്കിലും കുഞ്ഞിന് കഴിയുന്നിടത്തോളം മുലയൂട്ടണം. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാരുടെ പാലിൽ ധാരാളം ആന്റിബോഡികൾ ഉണ്ട്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കുഞ്ഞ് മുലപ്പാൽ വലിച്ചുകുടിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് ഗോകർണത്തിലോ, സ്പൂണിലോ നൽകാം. കുഞ്ഞ് വിശക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ അത് ശ്രദ്ധിക്കുകയും മുലയൂട്ടുകയും ചെയ്യുക. ഓരോ സ്‌തനത്തിൽ നിന്നും സാധാരണ മുലയൂട്ടലിന്റെ ദൈർഘ്യം 1015 മിനിട്ട് വീതമാണ്. ഒരു സ്തനത്തിൽ നിന്നും കുഞ്ഞ് മൊത്തമായി പാൽ കുടിച്ചതിനു ശേഷം ആവശ്യമെങ്കിൽ കുഞ്ഞിന് അടുത്ത സ്തനത്തിൽ നിന്നും പാൽ കൊടുക്കുക. സാധാരണ കുഞ്ഞുങ്ങൾ രണ്ട് മുതൽ മൂന്ന് മണിക്കൂർ കൂടുമ്പോൾ മുലപ്പാൽ കുടിക്കാറുണ്ട്. ആദ്യ നാളുകളിൽ ഓരോ 24 മണിക്കൂറിലും എട്ട് മുതൽ 12 തവണ വരെ മുലയൂട്ടേണ്ടതായി വരാം. കുഞ്ഞ് മുലപ്പാൽ വലിച്ച് കുടിക്കുമ്പോൾ പാലിനൊപ്പം അല്പാൽപമായി വായുവും ഉള്ളിലേയ്‌ക്കെടുക്കും.
ഇത് കുഞ്ഞിന് അസ്വസ്ഥതയും, വയറു വേദനയും, തികട്ടലും ഉണ്ടാക്കാനിടയാക്കിയേക്കും. മുലയൂട്ടൽ കഴിഞ്ഞാൽ കുഞ്ഞിനെ തോളത്ത് കിടത്തി മെല്ലെ പുറത്ത് തട്ടിയാൽ ആമാശയത്തിൽ കയറിയ വായു പുറത്തു പോകും. ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്റെ അടിസ്ഥാമാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടുക എന്നത്. അതിലേയ്ക്കായി ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുക. ആറ് മാസത്തിന് ശേഷം രണ്ട് വയസ്സ് പ്രായമാകുന്നത് വരെ മറ്റു ഭക്ഷണങ്ങൾ നൽകുന്നതോടൊപ്പം മുലപ്പാലും നൽകേണ്ടതാണ്. നല്ലൊരു നാളെയ്ക്കായി ഈ വർഷത്തെ മുലയൂട്ടൽ വാരാഘോഷത്തിൽ നമുക്കും പങ്കുചേരാം.
ലേഖിക: ഷീൻ എൽ.ബി.
ചൈൽഡ് ഡെവലപ്പ്‌മെന്റെ് തെറാപ്പിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം