കിളിമാനൂർ: ഗ്രാമസഭകളെ കൊവിഡ് എടുത്തു. ജനക്ഷേമ പദ്ധതികൾക്ക് ഗുണഭോക്താക്കളെ കണ്ടെത്താനാകാതെ പഞ്ചായത്തുകൾ. ഗ്രാമസഭകളില്ലാതെ ഗുണഭോക്താക്കളെ കണ്ടെത്താൻ സർക്കാർ വിജ്ഞാപനമുണ്ടെങ്കിലും പല പഞ്ചായത്തുകളും ജനങ്ങളും ഇത് അറിഞ്ഞിട്ടില്ല. ലൈഫ് മിഷൻ പദ്ധതിക്ക് അർഹരായവർ ബന്ധപ്പെട്ട രേഖകളുമായി ഓൺലൈൻ വഴി അപേക്ഷിക്കാമെങ്കിലും വ്യക്തിഗത ആനുകൂല്യങ്ങൾക്ക് വാർഡ് മെമ്പർ മുഖേന അപേക്ഷ സ്വീകരിക്കുകയാണ് ചെയ്യുന്നത്. കണ്ടെയ്ൻമെന്റ് സോണിലും മറ്റു മലയോര മേഖലയിലെയും കോളനികളിൽ താമസിക്കുന്നവരുടെയും അടുത്ത് ഈ അപേക്ഷകൾ എത്തുന്നില്ല. ബന്ധപ്പെട്ടവർ അവരെ അറിയിക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപമാണുള്ളത്.
ഗ്രാമസഭകൾ നടക്കാത്ത സാഹചര്യത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ പാർട്ടികൾ ആരോപ- പ്രത്യാരോപണങ്ങളും നടത്തിവരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ട് നിലനിറുത്താനും നേടാനുമായി പാർട്ടി അനുഭാവികൾക്കും ബന്ധുക്കൾക്കുമായി ആനുകൂല്യങ്ങൾ പോകുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തിൽ വാർഡ് മെമ്പർമാർ, ഗ്രാമസേവകർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ എന്നിവരുടെ സഹായത്തോടെ ഗുണഭോക്ത, പട്ടിക തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.