ആറ്റിങ്ങൽ: നാട്ടുകാർക്ക് കാൽനട പോലും സാധിക്കാത്ത ഒരു റോഡിനെക്കുറിച്ച് നിരവധി പരാതി നൽകിയിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് പരാതി.
ആറ്റിങ്ങൽ നഗരസഭയിലെ ഒന്നാം വാർഡിൽ പ്പെട്ട കൊച്ചുവിള- മാടൻനട റോഡാണ് ദുരിതം വിതയ്ക്കുന്നത്. റോഡിൽ ടാർ ഇളകി വലിയകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്താൽ ഇവിടെ മുട്ടിനൊപ്പം വെള്ളം കെട്ടും. പിന്നെ കാൽനട പോയിട്ട് കാറിൽ പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
ഈ റോഡ് ടാർ ചെയ്തിട്ട് പത്തു വർഷത്തോളമായെന്ന് നാട്ടുകാർ പറയുന്നു. ധാരാളം വീടുകൾ ഈ റോഡ് സൈഡിൽ തന്നെയുണ്ട്. ഇവരെല്ലാം ഒറ്റയ്ക്കും കൂട്ടായും പരാതി നൽകിയിട്ടും ഫലമില്ലത്രേ.
മഴക്കാലത്ത് റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ അകപ്പെട്ട് ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. കൂടാതെ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിൽകെട്ടി നിൽക്കുന്ന വെള്ളം സമീപത്തെ വീടുകളിലേയ്ക്ക് തെറിക്കുന്നതും ബുദ്ധിമുട്ടാകുകയാണ്.
റോഡിൽ വെള്ളം കെട്ടി പകർച്ച വ്യാധി പടരാനുള്ള സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.