aug01b

ആറ്റിങ്ങൽ: മാതാപിതാക്കൾ ഉപേക്ഷിച്ച് മുത്തശിക്കൊപ്പം കഴിയുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ മഹീനും അനുജൻ അബുവിനും ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കൂരയിൽ നിന്ന് മോചനം. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും സമൂഹമാദ്ധ്യമ കൂട്ടായ്മയായ എന്റെ നാട് ഊരു പൊയ്കയും ചേർന്ന് ഇവർക്ക് ബലിപെരുന്നാൾ സമ്മാനമായി വീട് പുനർനിർമ്മിച്ച് നൽകി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ സന്ദർശിച്ച് അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ മാഹീനിന്റെ വീട്ടിൽ കേഡറ്റുകൾ എത്തിയപ്പോഴാണ് വീടിന്റെ സ്ഥിതി കേഡറ്റുകൾ മനസിലാക്കിയത്.

വാർദ്ധക്യത്താൽ വിഷമതകൾ അനുഭവിക്കുന്ന മുത്തശിയുടെ മാത്രം തണലിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ദുരവസ്ഥ മനസിലാക്കിയ അവർ ആ കുടുംബത്തെ സഹായിക്കാൻ സുമനസുകളായ എന്റെ നാട് - ഊരുപൊയ്ക സമൂഹമാദ്ധ്യമ കൂട്ടായ്മയുമായി ഒരുമിക്കുകയായിരുന്നു.

മേൽക്കൂരയും ചുവരുകളും മാറ്റിപ്പണിത് ചെളിവെള്ളം നിറഞ്ഞ തറ ശരിയാക്കി ചുവരുകൾ ചായം പൂശി മനോഹരമാക്കി നൽകുകയായിരുന്നു.

ഇതിനുപുറമേ പഠന സൗകര്യത്തിനായി മേശയും കസേരകളും പുസ്തകങ്ങളും വാങ്ങി നൽകി. ഒപ്പം വീടിന്റെ വൈദ്യുതീകരണവും പൂർത്തിയാക്കി. പുനർനിർമ്മിച്ച വീടിൻ്റെ താക്കോൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് കുടുംബത്തിന് കൈമാറി. സ്കൂൾ പി.റ്റി.എ.പ്രസിഡൻ്റ് എൽ.ആർ. മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, അനിൽരാജിന്റെ നേതൃത്വത്തിലുള്ള സമൂഹമാധ്യമ കൂട്ടായ്മയുടെ പ്രവർത്തകർ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു എന്നിവർ പങ്കെടുത്തു.