മുടപുരം: രോഗിക്ക് ആംബുലൻസ് നൽകിയില്ല എന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇറക്കിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ പ്രസ്താവിച്ചു. മുൻ എം.പി എ. സമ്പത്ത് ആസ്തി വികസന ഫണ്ടിൽ നിന്നു കിഴുവിലം ഗ്രാമ പഞ്ചായത്തിന് കൈമാറിയ ആംബുലൻസ് പൂർണമായും പാലിയേറ്റീവ് കെയർ രോഗികളുടെ പരിചാരണത്തിനും പിഞ്ചുകുഞ്ഞുങ്ങളുടെ കുത്തിവയ്പ്, രോഗ പരിശോധന എന്നിവയ്ക്കും മാത്രമാണ് ഉപയോഗിച്ചുവരുന്നത്. പതിനെട്ടാം വാർഡിലെ കൊറോണ ബാധിതയുടെ സമ്പർക്ക പട്ടികയിൽ പെട്ടിട്ടുള്ള മൂന്നുപേരുടെ സ്രവ പരിശോധന നടത്തുന്നതിന് വേണ്ടി തിരുവനന്തപുരം ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന' ഹാർട്ട് ബീറ്റ്' എന്ന ആംബുലൻസ് വൈകിട്ട് 3.30 ഓടുകൂടി വിട്ടുകിട്ടുകയും സ്രവ പരിശോധന നടത്തിയശേഷം വീട്ടിൽ കൊണ്ട് വിട്ടിട്ടിരുന്നു. ഹാർട്ട് ബീറ്റ് എന്ന ആംബുലൻസിന് കിഴുവിലം പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ കത്തിലൂടെ 900 രൂപ ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു ഹെൽത്ത് സെന്ററിന് കൈമാറിയിട്ടുണ്ട്. ഈ വസ്തുത നിലനിൽക്കെ പ്രൈവറ്റ് ആംബുലൻസിൽ കൊണ്ടുപോയി എന്നും അതിന്റെ വാടക നൽകിയത് ആരോഗ്യ പ്രവർത്തകരാണെന്നുമുള്ള തെറ്റായ പ്രസ്താവന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിൻവലിക്കേണ്ടതും വരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് നേടാൻ കൊവിഡ് എന്ന മഹാമാരിയെ കൂട്ടുപിടിക്കുന്നത് നല്ലതാണോ എന്ന് അദ്ദേഹം ചിന്തിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഓൺലൈൻ മാദ്ധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകൾ ചമയ്ക്കുന്ന യുവജനസംഘടനാ നേതാവ് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.