തിരുവനന്തപുരം: പാളയം, ചാല മാർക്കറ്റുകൾ തുടർച്ചയായി നിശ്ചലമാക്കുന്ന നടപടി തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. മാർച്ചിൽ ലോക്ക് ഡൗൺ ആരംഭിച്ചതു മുതലുള്ള 130 ദിവസങ്ങളിൽ ആകെ 25 ദിവസം പോലും തുറന്നു പ്രവർത്തിക്കാൻ ഈ മാർക്കറ്റുകളിലെ വ്യാപാര സ്ഥാപനങ്ങൾക്കായിട്ടില്ല.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, പച്ചക്കറി, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രത്യേക സമയവും മറ്റു കടകൾക്ക് മറ്റൊരു സമയവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യം അധികാരികൾ കേട്ടില്ല. വാർഡ് തല കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിക്കുമ്പോൾ വാർഡ് അതിർത്തിഭാഗത്തെ നിരത്തുകളിൽ ഒരു വശത്തെ കടകൾ തുറന്നു പ്രവർത്തിക്കുകയും മറുവശം അടഞ്ഞു കിടക്കുകയും ചെയ്യുന്നതിൽ നിന്നും അധികാരികളെന്താണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികളായ കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, നെട്ടയം മധു, ആര്യശാല സുരേഷ്, പാളയം പത്മകുമാർ എന്നിവർ പ്രസ്താവനയിൽ ചോദിച്ചു.