തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കച്ചമുറുക്കുമ്പോൾ ഒരുമുഴം മുമ്പേ പ്രചാരണത്തിന് തുഴയെറിയുകയാണ് മുന്നണികൾ. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കമ്മിഷൻ ആവർത്തിക്കുന്നത്. വോട്ടർപട്ടികയുടെ വാർഡ്തല പരിശോധനയിലാണ് യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ. മരിച്ചവരെ ഒഴിവാക്കൽ, വിട്ടുപോയവരെ ഉൾപ്പെടുത്തൽ തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്.
കൊവിഡ് പ്രതിരോധ സന്നദ്ധപ്രവർത്തനങ്ങളിൽ പരമാവധി സാന്നിദ്ധ്യമുറപ്പിച്ച് പ്രചാരണമേൽക്കൈ നേടാനും പാർട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനായി പാർട്ടിയെ താഴെത്തട്ടു മുതൽ സജ്ജമാക്കുന്നതിന് സി.പി.എം സംസ്ഥാനത്തുടനീളം ശില്പശാല സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ലോക്ക് ഡൗണെത്തിയത്. എങ്കിലും വാർഡ്തല സമിതികളടക്കം ഊർജിതമാക്കി വോട്ടർപട്ടിക പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാഷ്ട്രീയവിവാദങ്ങൾ സംബന്ധിച്ച് ഓൺലൈൻ രാഷ്ട്രീയവിശദീകരണ യോഗങ്ങളിലേക്കടക്കം അവർ കടക്കും. നവമാദ്ധ്യമ സാദ്ധ്യതയും സി.പി.എം പ്രയോജനപ്പെടുത്തുന്നുണ്ട്. ബ്രാഞ്ച് അടിസ്ഥാനത്തിൽ നവമാദ്ധ്യമ കൂട്ടായ്മ സജീവമാക്കിയും സംഘടനാസംവിധാനം മുന്നോട്ട് പോകുന്നുണ്ട്.
കോർപറേഷൻ തലത്തിൽ കെ.പി.സി.സി ഭാരവാഹികളടക്കമുള്ള രണ്ട് വീതം മുതിർന്ന നേതാക്കൾക്കാണ് കോൺഗ്രസ് ചുമതല നൽകിയിരിക്കുന്നത്. വാർഡ്തല പ്രവർത്തനങ്ങളിൽ അവരും സജീവമാണ്. കോൺഗ്രസിന്റെ പ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധത്തിലൂന്നി തന്നെയാണ് നീങ്ങുന്നത്.
വാർഡടിസ്ഥാനത്തിൽ മാനേജ്മെന്റ് കമ്മിറ്റികളുണ്ടാക്കി പ്രാദേശിക വിഷയങ്ങളേറ്റെടുത്ത് നീങ്ങുകയാണ് ബി.ജെ.പി. പരമാവധി തദ്ദേശ വാർഡുകളിൽ പ്രാതിനിദ്ധ്യമുറപ്പാക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിരോധ പ്രവർത്തനം പരമാവധി അനുകൂലമാക്കുകയാണ് അവരുടെയും ലക്ഷ്യം.
നവംബർ 12നാണ് തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരുന്നത്. അതിന് മുമ്പ് പുതിയ ഭരണസമിതി അധികാരത്തിലെത്തണം. കൊവിഡ് വ്യാപനം സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കമ്മിഷൻ പറയുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തിരഞ്ഞെടുപ്പിനായി ആരോഗ്യവിദഗ്ദ്ധരോടടക്കം കമ്മിഷൻ കൂടിയാലോചന നടത്തിയേക്കും.