തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ വാതിൽപ്പടി വിതരണത്തിനായുള്ള സപ്ളൈകോയുടെ കരാർ നേടാൻ നാല് ഹെവി ഗുഡ്സ് വാഹനങ്ങൾ സ്വന്തമായി വേണമെന്ന പുതിയ ടെൻഡർ വ്യവസ്ഥ ഇഷ്‌ടക്കാരെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നു. ഭക്ഷ്യധാന്യം ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിൽ എത്തിക്കാനാണ് കരാർ.
പുതിയ വ്യവസ്ഥ ടെൻഡറിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കും. അപ്പോൾ ടെൻഡർ തുക കൂട്ടി കരാർ നേടാം.
അഞ്ച് ഹെവി വെഹിക്കിൾ ഉൾപ്പെടെ പത്ത് ചരക്ക് വാഹനങ്ങൾ വേണമെന്നും അതിൽ രണ്ടെണ്ണം കരാറുകാരന്റെ സ്വന്തം ആയിരിക്കണമെന്നുമായിരുന്നു പഴയ വ്യവസ്ഥ. പുതിയ വ്യവസ്ഥയിൽ അഞ്ചിൽ നാല് ഹെവി ഗുഡ്സ് വെഹിക്കിൾ കരാറുകാരന്റേതായിരിക്കണം.
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള വാതിൽപ്പടി വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. കരിഞ്ചന്തയിലേക്ക് ടൺ കണക്കിന് റേഷൻ സാധനങ്ങൾ എത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ബിനാമി പേരിലും അല്ലാതെയും കരാർ നേടാനാണ് ശ്രമം. കഴിഞ്ഞ കരാർ നൽകി ഏഴു മാസം കഴിഞ്ഞപ്പോഴാണ് പുതിയ ടെൻഡർ വിളിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ടെൻഡർ നടപടികൾ നടത്താതെ കഴിഞ്ഞ വർഷം ടെൻഡൻ റദ്ദാക്കുകയായിരുന്നു.
പുതിയ വ്യവസ്ഥയിലെ നല്ല കാര്യങ്ങൾ
സപ്ലൈകോയുടെ ജീവനക്കാരുടെ അടുത്ത ബന്ധുക്കളെ ടെൻഡറിൽ നിന്ന് വിലക്കി. ജീവനക്കാർ ബിനാമികളെ വച്ച് ടെൻഡർ നേടുന്നതായി പരാതിയുണ്ടായിരുന്നു.
ഒരിക്കൽ ടെൻഡർ നേടിയിട്ട് മാറുന്നവരെ ഒഴിവാക്കി. അങ്ങനെ മാറുമ്പോൾ അടുത്ത ആൾക്ക് ടെൻഡർ കിട്ടും. ഇത് ഒത്തുകളിയാണെന്ന് കണ്ടെത്തിയിരുന്നു.
കൂലി ഏകീകരണം ആയില്ല
എല്ലാ ഡിപ്പോകളിലും ഒരേ കയറ്റിയിറക്ക് കൂലി വേണമെന്ന ആവശ്യത്തെ തുടർന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ കൺവീനറായി ഒരു കമ്മിറ്റിയെ സർക്കാർ നിശ്ചയിച്ചിരുന്നു. തൊഴിലാളി പ്രതിനിധികൾ അംഗങ്ങളായിരുന്നു. ക്വിന്റലിന് 10 രൂപ മുതൽ 27 രൂപവരെയാണ് കൂലി ഈടാക്കിയിരുന്നത്. ഇത് 16 രൂപയായി ഏകീകരിച്ചു. ഇതിനോട് ഒരു വിഭാഗം തൊഴിലാളി സംഘടകൾ വിയോജിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.
ഡിപ്പോകൾ 56
ടെൻഡറുകൾ 56