kk-shylaja-

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വയോജനമന്ദിരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എറണാകുളത്തും തിരുവനന്തപുരത്തും വയോജനകേന്ദ്രങ്ങളിൽ നിരവധിപേർ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി. കൊവിഡ് ബാധിച്ചാൽ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ പോകുന്നവരാണ് വയോജനങ്ങൾ. മാത്രമല്ല അവരിൽ പലരും വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇതിനാലാണ് ഇവർക്കായി റിവേഴ്‌സ് ക്വാറന്റൈൻ നടപ്പാക്കുന്നത്. ഹോമുകളിൽ താമസിക്കുന്നവർ കൊവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്തുനിന്ന് ആരെയും ഹോമിൽ പ്രവേശിപ്പിക്കരുതെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യഹോമുകളിൽ ചിലർ പുറത്തുനിന്നും വന്നതാണ് അവിടെ രോഗവ്യാപനത്തിന് കാരണമായത്. ഇനി ഇത്തരം നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. 1800 425 2147എന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ വിളിക്കാം. ആരോഗ്യ വകുപ്പിന്റെ ദിശ 1056ൽ 24മണിക്കൂറും സേവനം ലഭിക്കും.