പാലോട്: 25 കോടി ചെലവഴിച്ച് നവീകരിക്കുന്ന വഴയില - പാലോട് റോഡിൽ നിർമ്മാണത്തോടൊപ്പം തന്നെ പൊട്ടിപ്പൊളിയാനും തുടങ്ങി. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ശബരീപാതയാണ് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കിയത്.അശാസ്ത്രീയമായ റോഡുനിർമ്മാണമെന്ന് പരക്കെ പരാതിയുണ്ടായിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടായില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ മഴ സമയത്ത് നടത്തിയ ടാറിംഗ് തടഞ്ഞിരുന്നു. ഇളവട്ടത്ത് രണ്ടു തവണയാണ് ടാർ പൊട്ടിയിളകിയത്. സമാനമായ രീതിയിൽ പ്ലാവറയിലും ടാർ ഇളകി പോയിരുന്നു. താന്നിമൂട് മുതൽ ചുണ്ടക്കരിക്കകം വരെ നിലവിലുണ്ടായിരു ഓട പൂർണമായും അടച്ചതിനാൽ റോഡിനു സമീപമുള്ള വീടുകളിൽ ചെറിയ മഴയത്തു പോലും വെള്ളം കയറുന്ന സ്ഥിതിയാണ് ഇവിടുള്ളത്. രാത്രി സമയങ്ങളിൽ വലിയ ലോറികളാണ് ഈ റോഡിൽ കൂടി കടന്നുപോകുന്നത്. അതിനാൽ ചെറിയ പൊട്ടലുകൾ വലുതാകാൻ സാദ്ധ്യതകൾ ഏറെയാണ്. മൂന്നു പാളികളായി ടാറിംഗ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.എന്നാൽ അത് നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. കൂടാതെ റോഡിനോടൊപ്പം ഓടകൾ നവീകരിച്ചു തുടങ്ങിയെങ്കിലും അശാസ്ത്രീയമായ നിർമ്മാണമായതിനാൽ ചെറു മഴയത്തു പോലും ഓടകൾ നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ കടകളിൽ കയറാനും ഇറങ്ങാനും നിലവിൽ ബുദ്ധിമുട്ടുണ്ട്. മരങ്ങളും വൈദ്യുതപോസ്റ്റുകളും അവിടങ്ങളിൽ തന്നെ നിലനിറുത്തിയാണ് ടാറിംഗ് നടക്കുന്നത്. പുറമ്പോക്കിൽ നിന്ന് ഇടിച്ചു മാറ്റുന്ന മണ്ണ് സർക്കാർ പാസ് നൽകാത്ത സ്ഥലത്ത് ഇറക്കി വയലുകൾ ഉൾപ്പെടെ നികത്തി പൈസ വാങ്ങുന്നു എന്ന ആക്ഷേപവും നിലവിലുണ്ട്. ടാറിംഗ് കഴിഞ്ഞ് സുരക്ഷാവേലികൾ കെട്ടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ചെറുതായി ഒന്നുകൂടി ടാർമിക്സ് ചേർത്ത് ഓട്ടകൾ അടച്ച് ലൈനിട്ട് പൂർത്തിയാക്കി ഇവർ മടങ്ങുമ്പോൾ ഓരോ ജംഗ്ഷനുകളിലെയും കടകളുടെ മുന്നിലെ ഓടകൾ സ്ലാബ് ഇടാതെ വെള്ളം കെട്ടി നിന്ന് കൊതുകുകളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു.
അശാസ്ത്രീയമായ റോഡ് നിർമാണത്തെ കുറിച്ച് തുടക്കം മുതൽ അധികാരികളോട് പരാതി പറഞ്ഞെങ്കിലും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഈ റോഡ് പണിയിലെ അഴിമതിയെ കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.
ബിനു ജനമിത്ര
ബി.ജെ.പി പഞ്ചായത്ത് സമിതി, നന്ദിയോട്
വഴയില - പാലോട് റോഡ് നവീകരിക്കാൻ ചെലവിട്ടത് 25 കോടി രൂപ
നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇളവട്ടത്ത് രണ്ടു തവണ ടാർ പൊട്ടിയിളകി
താന്നിമൂട് മുതൽ ചുണ്ടക്കരിക്കകം വരെ നിലവിലുണ്ടായിരുന്ന ഓട പൂർണമായും അടച്ചതിനാൽ റോഡിനു സമീപമുള്ള വീടുകളിൽ ചെറിയ മഴയത്തു പോലും വെള്ളം കയറുന്ന സ്ഥിതിയാണ്