കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ 2.6 കോടി രൂപ കൂടി അനുവദിച്ചതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും, എന്നാൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ആരംഭിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലുമായി ഇരുപത്തിരണ്ട് ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ 8 ഗ്രാമീണ റോഡുകളുടെ കൂടി നവീകരണത്തിനായി 2.6 കോടി രൂപ അനുവദിച്ചിട്ടുള്ളത്.

കാട്ടാക്കട പഞ്ചായത്തിലെ കുളവിയോട് - താഴേത്തോട്ടം റോഡ്, മലയിൻകീഴ് പഞ്ചായത്തിലെ വട്ടവിള-പൂവത്തൂർമൂല റോഡ്, മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട്-സുബ്രമണ്യ ക്ഷേത്രം റോഡ്, ചീനിവിള-കാട്ടുവിള റോഡ്,പള്ളിച്ചൽ പഞ്ചായത്തിലെ കൈരളി നഗർ റോഡ്, മുളയറ-മുകുന്തര റോഡ്,കൊല്ലകോണം-പുന്നത്താനത്ത് പാറയിൽതോട്-ചെറുതേരി റോഡ്,വിളപ്പിൽ പഞ്ചായത്തിലെ മുളയറ - പാറാംകുഴി-കട്ടയ്ക്കോട് റോഡ് എന്നീ 8 റോഡുകളുടെ നവീകരണത്തിനായാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള റോഡുകൾ പലതും തകർന്ന നിലയിലാണ്. അത്തരം റോഡുകളെ ഗതാഗതയോഗ്യമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് പ്രത്യേക പരിഗണന നൽകിയാണ് കേരള പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് ലഭ്യമാക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ നിർവഹണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയായിരിക്കും നടത്തുക.റോഡുകളുടെ പ്രവർത്തനവും പരിപാലനം കുറഞ്ഞത് രണ്ടു വർഷത്തേക്ക് ഉറപ്പുവരുത്തണമെന്ന് നിബന്ധനയോടെയാണ് ടെണ്ടർ നടപടികൾ സ്വീകരിക്കുക.പണികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.