തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളും കടൽക്ഷോഭവും കാരണം ബുദ്ധിമുട്ടിലായ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി നഗരസഭയുടെ ഭക്ഷ്യക്കിറ്റ് ഒരുങ്ങുന്നു. 1000 രൂപ വില വരുന്ന 19 ഇന പലവ്യഞ്ജന കിറ്റാണ് കോർപറേഷൻ പരിധിയിലെ 18 വാർഡുകളിലുള്ള 25,000 കുടുംബങ്ങൾക്ക് നൽകുക.
'തീരത്തിനൊരു കൈത്താങ്ങ്" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി രണ്ടര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മേയർ കെ. ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പൂർത്തിയായി രണ്ടാഴ്ചയ്ക്കു ശേഷമായിരിക്കും നഗരസഭയുടെ കിറ്റ് വിതരണം. കിറ്റുകൾ നിർമ്മിക്കാനായി നഗരസഭയ്ക്ക് ഒപ്പം ചേരാൻ അവസരമൊരുക്കിയിട്ടുണ്ട്. ഒരു കിറ്റിന് 1000 രൂപ എന്ന നിലയിൽ കിറ്റുകൾക്കാവശ്യമായ പണം നഗരസഭ ആരംഭിച്ചു. www.donatetmc.in എന്ന വെബ്‌സൈറ്റ് വഴി സംഭാവന നൽകാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക് പാളയം ശാഖ വഴിയും സംഭാവന തുകകളായോ ചെക്കുകളായോ നൽകാം. അക്കൗണ്ട് നമ്പർ: 10210200020231. ഐ.എഫ്.സിസി: FDRL 0001021.
19 ഇന ഭക്ഷ്യകിറ്റ്
ജയ അരി (5 കിലോ), പഞ്ചസാര (1 കിലോ), തേയില (250 ഗ്രാം), ചെറുപയർ (1 കിലോ), മുളക്‌പൊടി (500 ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ജീരകം (100 ഗ്രാം), കടുക് (100 ഗ്രാം), ഉലുവ (100 ഗ്രാം), സൺഫ്ളവർ ഓയിൽ (1 ലിറ്റർ), ബാത്ത് സോപ്പ് (1 എണ്ണം), വാഷിംഗ് സോപ്പ് (1 എണ്ണം), തുവരപ്പരിപ്പ് (1 കിലോ), കടല (1 കിലോ), സവാള (2 കിലോ), ഉരുളക്കിഴങ്ങ് (1 കിലോ), ഉള്ളി (1 കിലോ), ഉപ്പ് (1 കവർ)
വിപണനത്തിന് ഇ - കോമേഴ്സ് പോർട്ടൽ
കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ അവരവരുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വിപണനം നടത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
നഗരസഭ വികസിപ്പിച്ച ഇ - കോമേഴ്സ് പോർട്ടലിൽ ലഭ്യമാക്കുന്ന ഈ ഉത്പന്നങ്ങൾ ഓർഡർ അനുസരിച്ച് അതത് വാർഡിലെ ഹരിതകർമ്മ സേനകൾ എത്തിച്ചുനൽകും. ഉയർന്ന ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് നഗരവാസികൾക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം വീട്ടുജോലിക്കുള്ള ആളുകൾ, സെക്യൂരിറ്റി ജീവനക്കാർ, തെങ്ങ് കയറ്റക്കാർ, മറ്റ് സേവനങ്ങൾ എന്നിവയും പോർട്ടലിലൂടെ ലഭ്യമാകും. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്താനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്: 9895532192.
കിറ്റുകൾ സംഭാവന നൽകാം
ഇതിനായി പുതിയ വെബ്‌സൈറ്റ്
ആകെ ചെലവ് - 2.5 കോടി രൂപ