കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ചിലർക്കും, ബ്ലോക്ക് പരിധിയിലെ മറ്റു പഞ്ചായത്തുകളിലെ ഏതാനും പേർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പഴയകുന്നുമ്മേൽ, കരവാരം, പുളിമാത്ത്, നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളിൽ ആന്റിജൻ പരിശോധന നടത്താൻ ധാരണയായതായി അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.ഇതിനാവശ്യമായ ആന്റിജൻ കിറ്റുകളും അനുബന്ധ വസ്തുക്കളും എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാക്കും.പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതികൾ ചേർന്ന് നിലവിൽ സജ്ജമാക്കപ്പെട്ട കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും എം.എൽ.എ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രഘു, പി. ലാലി, ബി. വിഷ്ണു, രാജലക്ഷ്മി അമ്മാൾ, ഐ.എസ്. ദീപ, തഹസിൽദാർ മനോജ്, ചിറയിൻകീഴ് താലൂക്ക് കൊവിഡ് പ്രതിരോധ സെൽ കോ - ഓർഡിനേറ്റർ ഡോ. രാമകൃഷ്ണ ബാബു, മെഡിക്കൽ ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ക്രമീകരണം ഇങ്ങനെ...
പരിശോധനാ വാഹനം ബ്ലോക്ക് പഞ്ചായത്ത് ക്രമീകരിക്കും. കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പരിശോധന പരിശീലനം ലഭിച്ച ഡോക്ടറുടെയും ഇതര ജീവനക്കാരുടെയും സേവനം ഉപയോഗിക്കും. ഇവർക്കൊപ്പം മറ്റ് കുടുംബാരോഗ്യ- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെയും, ഇതര ജീവനക്കാരെയും പരിശീലിപ്പിച്ച് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. കണ്ടെൻമെന്റ് സോണുകളിൽ കെവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. പഴയകുന്നുമ്മേലിൽ സർവകക്ഷി യോഗ തീരുമാനപ്രകാരം അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഇന്ന് മുതൽ നിശ്ചിത സമയം തുറന്ന് പ്രവർത്തിക്കും. കണ്ടെൻമെന്റ് സോണുമായി അതിർത്തി പങ്കിടുന്ന ബഫർ സോണുകളിൽ നിയമാനുസൃത നിയന്ത്രണം ഏർപ്പെടുത്തും.
........................................
കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്ക് അധിക ചുമതല നൽകി ഇരുപത്തി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചു മുടക്കമില്ലാതെ പ്രവർത്തനം തുടരാനായി
ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്