തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ ജീവനക്കാരന് രണ്ടു കോടി രൂപയുടെ വെട്ടിപ്പ് നടത്താൻ കഴിഞ്ഞത് സോഫ്റ്റ് വെയറിന്റെ ന്യൂനതയും അത് പരിഹരിക്കേണ്ട അധികൃതരുടെ അലംഭാവവും മൂലമാണ്.
റിട്ടയർ ചെയ്യുകയോ സ്ഥലം മാറുകയോ ചെയ്യുന്ന ജീവനക്കാരുടെ പാസ്‌വേഡ്, സോഫ്റ്റ് വെയറിന്റെ ചുമതലയുള്ള ജില്ലാ കോ ഓർഡിനേറ്രർമാർ മരവിപ്പിക്കേണ്ടതാണ്. ഇവിടെ അങ്ങനെ ചെയ്തില്ല. അതുകൊണ്ടാണ് റിട്ടയർ ചെയ്തയാളുടെ പാസ്‌വേഡ് ഉപയോഗിച്ച് ഇടപാട് നടത്താൻ ഒരു ജീവനക്കാരന് കഴിഞ്ഞത്.
ഒരു ട്രഷറിയിൽ ജീവനക്കാരുടെ എണ്ണത്തിൽ കൂടുതൽ പേർ ലോഗിൻ ചെയ്തിട്ടും ആ റിപ്പോർട്ട് ജില്ലയിലെ കോ-ഓർഡിനേറ്റർക്കോ സംസ്ഥാന കോ-ഓർഡിനേറ്രർക്കോ കിട്ടിയില്ല. സാധാരണ സോഫ്റ്ര് വെയറുകൾ അപ്ഡേറ്റ്ചെയ്ത്, മറ്രേതെങ്കിലും ഏജൻസികളെക്കൊണ്ട് ഓഡിറ്ര് ചെയ്യിക്കാറുണ്ട്. ജീവനക്കാർ പരാതി പറഞ്ഞിട്ടും ട്രഷറിയിൽ ഇതു ചെയ്യുന്നില്ല.
ഒരു ചെക്ക് മാറിയ ശേഷം തുകയിൽ എന്തെങ്കിലും തെറ്രു മനസിലായാൽ പോലും ഇടപാട് തിരുത്താൻ കഴിയില്ലെന്നാണ് ഇതുവരെ ഉണ്ടായിരുന്ന ധാരണ. എന്നാൽ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണമെടുത്തിട്ട് നഷ്ടപ്പെട്ടില്ലെന്ന് കാണിക്കാൻ ഉദ്യോഗസ്ഥന് കഴിഞ്ഞു.
ട്രഷറിയിലെ മറ്റു പോരായ്മകൾ
ഒരാളുടെ അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിൽ പോലും പണം കൈമാറാം. ഇടപാടുകൾ കൃത്യമായി പാസ് ബുക്കിൽ വരുന്നില്ല.
ഒരു ട്രഷറിയിൽ സാധാരണ ബിൽ അംഗീകരിക്കേണ്ട ട്രഷറി ഓഫീസർമാത്രമാണ് ഉണ്ടാവുക. ഒരേസമയം രണ്ട് ട്രഷറി ഓഫീസർമാരുടെ പേരിൽ ഇടപാട് നടത്തിയിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല
ഒരേ സമയം ഒന്നിൽ കൂടുതൽ പേർക്ക് ഓഫീസർ ആയി ആക്ട് ചെയ്യാൻ കഴിയുന്ന വിധത്തിൽ സോഫ്റ്റ് വെയർ നിർമ്മിച്ചതുകൊണ്ടാണിത്
സോഫ്റ്റ് വെയർ തയ്യാറാക്കി, മേൽനോട്ടം വഹിക്കുന്ന നാഷണൽ ഇൻഫർമേറ്റിക്സ് സെന്ററുമായി ബന്ധപ്പെടാനും പരാതികളും ന്യൂനതകളും അറിയിക്കാനും ചീഫ് കോ ഓർഡിനേറ്ററുണ്ട്
സർക്കാർ ശമ്പളത്തിന് പുറമെ പ്രതിമാസം അധികമായി 7000 രൂപയും നൽകിയാണ് നിയമനം. പക്ഷേ, കൃത്യമായ ഏകോപനം നടന്നില്ല.ഇയാൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനമാവശ്യമില്ല.
എൻ.ഐ.സിയിൽ ട്രഷറി വകുപ്പ് ശമ്പളം നൽകി അഞ്ച് പേരെ നിയമിച്ചെങ്കിലും സോഫ്റ്ര് വെയർ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞില്ല
ആദായി നികുതി സംബന്ധമായി പ്രോഗ്രാം ഉണ്ടാക്കാൻ എട്ടു വർഷമായി ശ്രമം തുടങ്ങിയിട്ടും ഫലമുണ്ടായില്ല