തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുമ്പോൾ ദീർഘകാല ഇൻഷ്വറൻസ് പാക്കേജ് നൽകുന്നത് ഇന്നലെ മുതൽ ഇൻഷ്വറൻസ് റഗുലേറ്ററി അതോറിട്ടി നിറുത്തലാക്കി. വാഹനങ്ങളുടെ ഓൺ റോഡ് വിലയിൽ കുറവു വരുത്താൻ ഇതു വഴിയൊരുക്കും.ദീർഘകാല തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷ്വറൻസിനൊപ്പം (വാഹന ഉടമയുടെ അശ്രദ്ധ മൂലം മറ്റൊരാൾക്കോ വസ്തുവിനോ അപകടമുണ്ടായാലുള്ളത്) ഓൺ ഡാമേജ് ഇൻഷ്വറൻസും (വാഹനത്തിനുള്ളത്) ദീർഘകാലത്തേക്കു നൽകുന്ന പാക്കേജുകളാണ് നിറുത്തലാക്കുന്നത്.
ഇനി മുതൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമേ ദീർഘകാലത്തേക്ക് (നാലു ചക്രവാഹനങ്ങൾക്ക് 3 വർഷം, ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷം) ഉണ്ടാവൂ. ഓൺ ഡാമേജ് (ഒ.ഡി) ഇൻഷ്വറൻസ് ഓരോ വർഷത്തേക്കും ഇഷ്ടമുള്ള കമ്പനിയിൽ നിന്നെടുക്കാം.തേർഡ്പാർട്ടി ഇൻഷ്വറൻസും ഒ.ഡിയും ഒരു പോളിസിയിലായിരുന്നപ്പോൾ പ്രീമിയം തുക വളരെ കൂടിയിരുന്നു. ചില ഡീലർമാർ കമ്മിഷൻ കൂടി ചേർത്തുള്ള തുക ഈടാക്കി. ഇതോടെ ഉപഭോക്താവിന് വലിയ തുക ഒരുമിച്ച് നൽകേണ്ടി വന്നു.
കമ്പനി മാറ്റണമെന്നുള്ളവർക്കും കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ എടുക്കണമെന്നുള്ളവർക്കും അതിനു സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു.
നേട്ടം ഇൻഷ്വറൻ കമ്പനികൾക്കും
എല്ലാ വർഷവും ഇൻഷ്വറൻസ് പ്രിമിയം കൂട്ടുന്നതാണ് പതിവ്. ദീർഘകാല പോളിസികളിൽ വർദ്ധനയുടെ ആനുകൂല്യം കമ്പനികൾക്ക് ലഭിച്ചിരുന്നില്ല.