കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള മൂന്ന് വാർഡുകളിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ച കാലത്തേക്ക് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ അവശ്യ സാധനങ്ങൾ വില്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ (പലവ്യഞ്ജനം, പച്ചക്കറി, മെഡിക്കൽ സ്റ്റോർ, സ്റ്റേഷനറി, ബേക്കറി )രാവിലെ ഏഴു മണി മുതൽ വൈകിട്ട് നാല് മണി വരെ മാത്രം സാമൂഹിക അകലം കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കുക. മറ്റ് വ്യാപാര സ്ഥാപനങ്ങൾ ആവശ്യമെങ്കിൽ മാത്രം രാവിലെ 8മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ മാത്രം സാമൂഹിക അകലം പാലിച്ചുകൊണ്ട് കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കുക. പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളിൽ സന്ദർശക ഡയറി, ഫോൺ നമ്പർ ഉൾപ്പെടെ കൃത്യമായി സൂക്ഷിക്കുക. ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ നടപ്പിലാക്കുക. അന്യ പ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ കയറ്റികൊണ്ടുവരുന്ന ചരക്ക് വാഹനങ്ങൾ രാവിലെ 6 മണിക്ക് മുന്നെയും രാത്രിയിൽ 7മണിക്ക് ശേഷവും മാത്രം പഞ്ചായത്തിലെ പട്ടണപരിധിയിൽ പ്രവേശിക്കുകയും സാധനങ്ങൾ ഇറക്കുകയും ചെയ്യുക. പഞ്ചായത്ത് പരിധിയിൽ ഉള്ള 60 വയസിന് മുകളിൽ പ്രായം ഉള്ളവരും, 12വയസിന് താഴെ പ്രായമുള്ള കുട്ടികളും കർശനമായി വീടുകളിൽ തന്നെ കഴിയേണ്ടതും യാത്രകൾ ഒഴിവാക്കേണ്ടതുമാണ്. വീടുകളിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ബന്ധു സന്ദർശനങ്ങൾ കർശനമായും ഒഴിവാക്കുക. പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായും പാലിച്ചിരിക്കണം. അക്ഷയ കേന്ദ്രങ്ങൾ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥലങ്ങൾ എന്നിവ കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കേണ്ടതാണന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.