sandeep

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ചതിന് സന്ദീപ് നായരെ പൊലീസ് പിടിച്ചപ്പോൾ, കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കടത്തിയ ബന്ധുവും പൊലീസ് സംഘടനാ ഭാരവാഹിയുമായ ചന്ദ്രശേഖരന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് ബാഹ്യഏജൻസി അന്വേഷിക്കണമെന്ന് ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിൻ ശുപാർശ ചെയ്‌തു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവും ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരന് സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുമായി ഉറ്റബന്ധമുണ്ടായിരുന്നെന്ന് വകുപ്പുതല അന്വേഷണത്തിൽ ഡി.ഐ.ജി ഉറപ്പിച്ചിട്ടുണ്ട്. നേതാവിന്റെ ഇടപെടൽ കേരളകൗമുദി പുറത്തു കൊണ്ടുവന്നതോടെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസം 10നാണ് മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ബെൻസ് കാറിൽ രണ്ടായിരത്തിന്റെ നോട്ടുകൾ നിറച്ച ബാഗാണ് പൊലീസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ചന്ദ്രശേഖരൻ ബാഗ് കടത്തി. സന്ദീപിനെ വൈദ്യപരിശോധന നടത്തി തിരിച്ചെത്തിക്കും മുൻപ് നേതാവ് സ്റ്റേഷനിലെത്തി. കാറിന്റെ രേഖകൾ ശരിയായിരുന്നില്ല. എന്നിട്ടും നേതാവിന്റെ സമ്മർദ്ദത്തിൽ കാറും ബാഗും വിട്ടുനൽകി. സ്വന്തം ജാമ്യത്തിൽ വിടണമെന്ന നേതാവിന്റെ ശുപാർശ സി.ഐ അംഗീകരിച്ചില്ല. തുടർന്ന് മറ്റൊരാളെ എത്തിച്ച് സന്ദീപിനെ ജാമ്യത്തിലിറക്കി. സന്ദീപിനെ ശാസിക്കാനാണ് സ്റ്റേഷനിലെത്തിയതെന്നാണ് നേതാവ് ഡി.ഐ.ജിക്ക് മൊഴി നൽകിയത്. ഫോൺ വിളികൾ പരിശോധിച്ചപ്പോൾ സ്റ്റേഷനിൽ പലവട്ടം വിളിച്ചെന്നും പിന്നീട് നേരിട്ടെത്തി വാഹനം വിട്ടുനൽകാൻ നിർബന്ധിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രശേഖരൻ ഔദ്യോഗികപദവി ദുരുപയോഗിച്ചതിനാൽ രേഖകൾ പരിശോധിക്കാതെ വാഹനം വിട്ടയച്ചു. ജാമ്യം നേടാൻ പൊലീസുകാരെ സമ്മർദ്ദത്തിലാക്കി. അദ്ദേഹത്തെ സർവീസിൽ നിന്ന് മാറ്റി നിറുത്തി വിശദമായ അന്വേഷണം നടത്തണമെന്നാണ് ഡി.ഐ.ജിയുടെ ശുപാർശ.
പൂനെയിലെ വ്യവസായിയായ മലപ്പുറത്തുകാരന്റെ കാറ് നികുതി അടയ്ക്കാതെയാണ് കേരളത്തിൽ ഓടിച്ചത്. നേതാവിന്റെ വാക്കുകേട്ട് കാർ വിട്ടുനൽകിയ മണ്ണന്തല എസ്.ഐക്കെതിരെയും നടപടി ഉണ്ടായേക്കും.

 റൂറലിലെ നേതാവും കുരുക്കിൽ

ലോക്ക്ഡൗൺ സമയത്ത് സന്ദീപിന്റെ ബെൻസ് കാറിൽ പൊലീസ് സംഘടനയുടെ രണ്ട് നേതാക്കൾ കൊച്ചിയിൽ പോയിട്ടുണ്ടെന്നാണ് വിവരം. ആരോപണ വിധേയനൊപ്പം തിരുവനന്തപുരം റൂറൽ പൊലീസിലെ നേതാവും കൊച്ചിയിൽ പോയിട്ടുണ്ട്. പൊലീസ് നേതാക്കൾ സന്ദീപിനൊപ്പം ബെൻസ് കാറിൽ നഗരത്തിൽ കറങ്ങുന്നത് പതിവായിരുന്നെന്നും കരകുളത്തെ സന്ദീപിന്റെ ഫ്ലാറ്റിൽ പാർട്ടികൾക്കായി ഇവർ എത്തിയിരുന്നതായും വിവരമുണ്ട്.