തിരുവനന്തപുരം: കൊവിഡിൽ തകർന്ന ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനാന്തര യാത്രകളിലെ തടസങ്ങൾ ഒഴിവാക്കാൻ കേരള ടൂറിസം മറ്റു സംസ്ഥാന ടൂറിസം വകുപ്പുകളുമായും കേന്ദ്ര സർക്കാരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരത്തിന്റെ ഭാവിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്ത്യൻ വ്യവസായ-വാണിജ്യ മണ്ഡലങ്ങളുടെ ഫെഡറേഷൻ (ഫിക്കി) സംഘടിപ്പിച്ച ദ്വിദിന ഇ-കോൺക്ലേവിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തിനകത്ത് ആയുർവേദം, പരിസ്ഥിതി ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളെ ശക്തിപ്പെടുത്തും. തുടർന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്ധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ടൂറിസം മന്ത്രിമാരും കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ അഡിഷണൽ ഡയറക്ടർ ജനറൽ രുപീന്ദർ ബ്രാർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.