മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ ഇന്നലെ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. 175 പേരെയാണ് ഇന്നലെ പരിശോധിച്ചത്. അഞ്ചുതെങ്ങിൽ 46 പേരെ പരിശോധിച്ചതിൽ 15 പേർക്കും, കടയ്ക്കാവൂർ ചമ്പാവിൽ 49 പേരെ പരിശോധിച്ചതിൽ 10 പേർക്കും, ചിറയിൻകീഴ് കടകത്ത് 46 പേരെ പരിശോധിച്ചതിൽ 3 പേർക്കും, ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 34 പേരെ പരിശോധിച്ചതിൽ 2 പേർക്കുമാണ് രോഗം. ഇവരെ വക്കത്തെയും അകത്തുമുറിയിലെയും ചികിത്സാ സെന്ററിലേക്ക് മാറ്റി. ഇതിൽ ഒരാൾ പൊലീസുകാരനാണ്.
നെടുങ്ങണ്ട കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നു 22 പേർ ഇന്നലെ രോഗമുക്തരായി.
986 പേരാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും പറഞ്ഞു.