കോവളം: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് അടുത്ത വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യാനുള്ള രീതിയിൽ പണി അതിവേഗം പുരോഗമിക്കുകയാണ് ആഴാകുളത്തെ വിഴിഞ്ഞം 220 കെ.വി സബ് സ്റ്റേഷൻ നിർമ്മാണം.
കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 3 ഏക്കറിലാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മാണം നടക്കുന്നത്. സബ് സ്റ്റേഷന്റെ ഉദ്ഘാടനം കഴിയുന്നതോടെ ജില്ല 220 കെ.വി ഗ്രിഡ് പദവിയിലേക്ക് മാറും. ട്രാൻസ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി വിഴിഞ്ഞം സബ്സ്‌റ്റേഷന്റെ നവീകരണവും സമാനമായി ഏറ്റുമാനൂരിൽ നിർമ്മിക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയും ഉൾപ്പെടുത്തി 114.75 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ, കൺട്രോൾ റൂം ബിൽഡിംഗ്, കേബിൾ ട്രെഞ്ച് ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരം, ദേശീയപാതാവികസനം, വിഴിഞ്ഞം തുറമുഖം എന്നിവയോട് ബന്ധപ്പെട്ട് ഈ പ്രദേശത്തെ വൈദ്യുതി ആവശ്യകത അനുദിനം ഏറിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനായി കാട്ടാക്കട സബ്സ്റ്റേഷനിൽ നിന്നും വിഴിഞ്ഞത്തേക്ക് നിർമ്മിച്ചു കഴിഞ്ഞ 220 കെ.വി ലൈനിലൂടെയാണ് പുതിയ സബ്സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുക. രണ്ട് ഘട്ടമായാണ് സബ് സ്റ്റേഷൻ നിർമ്മാണജോലികൾ പൂർത്തീകരിക്കുന്നത്. ഒന്നാം ഘട്ടം സിവിൽ വർക്കുകളും രണ്ടാം ഘട്ടം ഇലക്ട്രിക്കൽ വർക്കുകളുമാണ്. സിവിൽ വർക്കുകൾ പൂർത്തിയാകുന്നതോടെ 220/110 കെ.വിയുടെ 100 എം.വി.എ ശേഷിയും 110/11 കെ.വിയുടെ 20 എം.വി.എ. ശേഷിയുമുള്ള രണ്ടുവീതം ട്രാൻസ്‌ഫോർമറുകൾ അങ്കമാലിയിൽ നിന്നും വിഴിഞ്ഞത്തെത്തും. പൊതുമേഖലാ സ്ഥാപനമായ ടെൽക്കിനാണ് പദ്ധതിയുടെ കരാർ ചുമതല നൽകിയിരിക്കുന്നത്. സ്ഥലപരിമിതി കാരണം എയർ ഇൻസുലേറ്റഡിനു പകരം ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനാണ് നിർമ്മിക്കുക. തുടർന്ന് ഗ്യാസ് ഇൻസുലേറ്റഡ് ഉപകരങ്ങൾ ഉൾപ്പെട്ട സർക്യൂട്ട് ബ്രേക്കർ, കറണ്ട് ട്രാൻസ്‌ഫോർമർ, വോൾട്ടേജ് ട്രാൻസ്‌ഫോർമർ, ഐസലേട്ടേഴ്സ്, എർത്ത് സ്വിച്ച്സ് എന്നിവയെത്തുന്നതോടുകൂടി വിഴിഞ്ഞം സബ് സ്റ്റേഷൻ ജില്ലയ്ക്കാകെ അഭിമാനമാകും. മുട്ടത്തറയിലും വേളിയിലുമുള്ള സബ്സ്റ്റേഷനുകൾക്കായി 110 കെ.വി ഭൂഗർഭ കേബിൾ ഫീഡറുകൾക്കായുള്ള ഉപകരണ സജ്ജീകരണങ്ങളുടെ സ്ഥാപിക്കലും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സബ്സ്റ്റേഷൻ
നിലവിലുള്ള 66 കെ.വി സബ്സ്റ്റേഷനിൽ പരുത്തിപ്പാറ 110 കെ.വി. സബ്സ്റ്റേഷനിൽ നിന്ന് 26 കിലോമീറ്റർ ദൈർഘ്യമുള്ള 66 കെ.വി പ്രസരണ ലൈനിൽ കൂടെയാണ് ഇപ്പോൾ വൈദ്യുതിയെത്തിക്കുന്നത്. വിഴിഞ്ഞം, കോവളം, വെങ്ങാനൂർ, പെരിങ്ങമ്മല, കല്ലിയൂർ, കോട്ടുകാൽ, വാഴമുട്ടം, തിരുവല്ലം, മുക്കോല, ഉച്ചക്കട എന്നീ പ്രദേശങ്ങളിലേക്ക് എട്ട് 11 കെ.വി ലൈനുകൾ വഴി ഇവിടെ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നുമുണ്ട്.
നിർമ്മാണം രണ്ട് ഘട്ടമായി
വരുന്നത് ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ
വൈദ്യുതിയെത്തിക്കുന്നത് കാട്ടാക്കട നിന്ന്
ജില്ല 220 കെ.വി ഗ്രിഡ് പദവിയിലേക്ക്
നിർമ്മിക്കുന്നത് 3 ഏക്കറിൽ