123

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിലടക്കം കൊവിഡ് പരിശോധന വ്യാപിപ്പിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ 10,000 പി.പി.ഇ - ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ജില്ലാ കളക്ടർ നവജ്യോത് ഖോസെയ്‌ക്ക് കൈമാറി. 5000 പി.പി.ഇ കിറ്റുകളും, ഫെയ്‌സ് ഷീൽഡും, 5000 ആന്റിജൻ ടെസ്റ്റ് കിറ്റുകളുമാണ് കൈമാറിയത്. ജില്ലയിൽ പുതുതായി മൂന്ന് ആശുപത്രികളിൽ കൂടി കൊവിഡ് പരിശോധനാസംവിധാനം ഏർപ്പെടുത്തി. ജില്ലയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കും, ആംബുലൻസ് ജീവനക്കാർക്കും, ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളവർക്കും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ കിറ്റുകളും ജില്ലയിലെ മുഴുവൻ മാദ്ധ്യമ പ്രവർത്തകർക്കും ആവശ്യമായ ഫേസ് ഷീൽഡുകളുമാണ് നൽകിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു, ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.