വിശ്വാസമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സുഹൃത്ത്. അതില്ലെങ്കിൽ ലോകത്തിന്റെ നിലനിൽപ്പ് തന്നെ തകിടം മറിയും. ചിരിച്ച് കളിച്ച് കൂടെ നിന്നിട്ട് കാല് വാരുന്നവർ ജീവിതത്തിന്റെ ചതുരംഗം കളിക്കാരാണ്. അവർ കരുക്കൾ നീക്കുന്നത് ചതിയുടെ കാലാൾപ്പടയെ വച്ചായിരിക്കും.

ചെക്ക് കേസുകളെല്ലാം വിശ്വാസവഞ്ചനയുടെ കഥകളാണ് പറയുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ പണത്തിന് ഒരു ചെക്കങ്ങ് നൽകും. അതുമായി ബാങ്കിൽ ചെന്നാലോ ആ അക്കൗണ്ട് കാലിയായിരിക്കും. ചെക്ക് കേസ് വലിയ കേസല്ലാതായതോടെ കേസുകളുടെ എണ്ണവും കൂടി. അത് തിരിച്ചറിഞ്ഞ നിയമരംഗം ചെക്ക് കേസുകളെ സിവിൽ കേസിൽ നിന്ന് ക്രിമിനൽ കുറ്റത്തിലേക്ക് മാറ്റി.

സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ട്രഷറിയിൽ നിന്ന് കോടി വെട്ടിച്ചെടുത്ത സംഭവം ചതിയുടെ പുത്തൻപതിപ്പാണ്. ചെയ്യുന്ന ജോലിയോട് കൂറും ആത്മാർത്ഥതയുമുളള ആരും ചെയ്യുന്ന പണിയല്ലിത്. ജോലി ചെയ്യുന്ന സ്ഥാപനം സ്വന്തം ജീവനേക്കാൾ വലുതാണെന്ന ബോധമാണ് ഉണ്ടാവേണ്ടത്. വാങ്ങുന്ന ശമ്പളത്തിനും ചെയ്യുന്ന ജോലിക്കും മനസമർപ്പണമില്ലെങ്കിൽ കള്ളത്തരവും ചതിയും കൊടികുത്തിവാഴും. ഒരാളെ കുരുതി കൊടുത്തുകൊണ്ട് നേടുന്നതൊന്നും ശാശ്വതമല്ല എന്നതാണ് പ്രകൃതി നിയമം. റിട്ടയേഡായ ട്രഷറി ഓഫീസറെ കുരുതിക്കളത്തിൽ നിറുത്തിയാണ് ഈ ചതി. ഒരുനാൾ കള്ളം പുറത്ത് ചാടും. അത് ദൈവനിയമമാണ്. ഒരു കൊലപാതകം നടന്നാൽ അത് തെളിയിക്കാൻ ഒരു തുമ്പ് അവശേഷിക്കും എന്ന സത്യം ദൈവത്തിന്റെ കൈയൊപ്പാണ്.

കാമുകനോടൊപ്പം ഒളിച്ചോടുന്ന യുവതി വിശ്വാസവഞ്ചനയ്ക്ക് ഇരയാകുമ്പോൾ നഷ്ടമാകുന്നത് സ്വന്തം ജീവിതമാണ്. കപട ലോകത്ത് ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം എന്ന് കവി ചങ്ങമ്പുഴ വിലപിച്ചത് കാപട്യത്തിന്റെ കണ്ണുനീർ കുടിച്ചുകൊണ്ടായിരുന്നു. എന്ത് വന്നാലും ആസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളീ ജീവിതം എന്ന് പറഞ്ഞ് രമണന്റെ പിന്നാലെ കൂടിയ ചന്ദ്രിക ഒടുവിൽ മറ്റൊരാളെ വിവാഹം കഴിച്ചു. കൊല്ലത്ത് തൂങ്ങി മരിച്ച ഇടപ്പള്ളി രാഘവൻപിള്ള അനുഭവിച്ചതും വിശ്വാസ വഞ്ചനയാണ്.

കറുത്തവർഗക്കാരനായ ആഫ്രിക്കക്കാരനിൽ ഒരു തരി വിശ്വാസക്കുറവില്ലാതെ ഇറങ്ങിത്തിരിച്ച ഡെസ്റ്റിമോണയെ സംശയത്തിന്റെ പേരിൽ ഭർത്താവായ ഒഥല്ലോ ഞെരിച്ച് കൊന്നതും വിശ്വാസവഞ്ചനയാണ്. ഒഥല്ലോ ലോകക്ളാസിക്കിലെ ദുരന്ത മുഖമാണ്. ഡെസ്റ്റിമോണയെപ്പറ്റി ഇല്ലാക്കഥകൾ മെനഞ്ഞ് ഒഥല്ലോയുടെ മനസമാധാനം തകർത്ത ഇയാഗോ ചതിയുടെയും വിശ്വാസ വഞ്ചനയുടെയും മുഖവും. അതേ ഷേക്‌സ്‌പിയർ വെനീസിലെ വ്യാപാരിയിലൂടെ പണക്കൊതിയനായ പലിശ രാജാവിനെതിരെ ചതിയുടെ മറ്റൊരസ്ത്രം അതിമനോഹരമായി തൊടുന്നുമുണ്ട്.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിൽ ദുഷ്യന്തൻ ശകുന്തളയോട് കാട്ടുന്നത് ചതിയോ വിശ്വാസ വഞ്ചനയോ അല്ല. കണ്വാശ്രമത്തിൽ നായാട്ടിനെത്തിയ ദുഷ്യന്തന് പ്രഥമദൃഷ്ട്യാ ശകുന്തളയോട് തോന്നിയ അനുരാഗം വെറുമൊരു തമാശയല്ലായിരുന്നു. കൊണ്ടൽവേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താൻ കൊണ്ടു ദർഭമുന കാലിലെന്ന് വെറുതേ നടിച്ചു നിലകൊണ്ട ശകുന്തളയ്ക്ക് ഓർമ്മയ്ക്കായ് മോതിരം ഉൗരി നൽകിയപ്പോൾ ദുഷ്യന്തന്റെ മനസിൽ ചതി എള്ളോളമില്ലായിരുന്നു. പക്ഷേ, മുനിയുടെ ശാപം ശകുന്തളയ്ക്ക് വിനയായി. അങ്ങ് തന്ന മോതിരമാണിതെന്നും അങ്ങയുടെ കുഞ്ഞാണിതെന്നും ശകുന്തള കരഞ്ഞു പറഞ്ഞിട്ടും ദുഷ്യന്തൻെറ മനസ് കുലുങ്ങിയില്ല. ഇതിനെ ചതിയെന്നോ വിശ്വാസവഞ്ചനയെന്നോ വിശേഷിപ്പിക്കാനാവില്ലെന്ന് ഒടുവിൽ ശകുന്തളയെ തേടിയെത്തുന്ന ദുഷ്യന്തനിലൂടെ കാളിദാസൻ തുറന്നു കാട്ടുന്നു. ഒറ്റനോട്ടത്തിൽ കണ്ട ഒരാളോട് പ്രണയം തോന്നുക. അത് സങ്കല്പിക്കാൻ പാടില്ലാത്ത രീതിയിലേക്ക് പോവുക. അതിന്റെ ഭവിഷ്യത്തുകൾ ചെറുതായിരിക്കില്ല എന്ന മുന്നറിയിപ്പാണ് കാളിദാസൻ കോറിയിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരാളോടൊപ്പം ഇറങ്ങിപുറപ്പെട്ട് ചതിയിൽപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് എത്രയോ വർഷങ്ങൾക്ക് മുമ്പ് കാളിദാസൻ നൽകിയ മുന്നറിയിപ്പാണിത്.

പ്രണയിച്ച് വിവാഹിതരാകുന്നവർ വരെ ഒടുവിൽ സലാം പറഞ്ഞ് പിരിയുമ്പോൾ അവിടെ പൊട്ടി വീഴുന്നതും വിശ്വാസ വഞ്ചനയാണ്. കേരളത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന വിവാഹമോചനങ്ങൾക്ക് പിന്നിലും വിശ്വാസമില്ലായ്മയാണ് വില്ലൻ. ജാതകത്തിൽ മനപ്പൊരുത്തം അരക്കിട്ടുറപ്പിച്ചശേഷം വിവാഹിതരാകുന്നവർ വരെ തെറ്റിപ്പിരിയുമ്പോൾ മനപ്പൊരുത്തം ജാതകത്തിനപ്പുറമാണെന്നാണ് വിലയിരുത്തേണ്ടത്. പതിനൊന്ന് പൊരുത്തവും ഒത്തുവന്ന് വിവാഹിതരാകുന്നവർ വരെ കുടുംബ കോടതി കയറുമ്പോൾ എവിടെയാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്താൻ മനസ് പുണ്ണാക്കേണ്ട കാര്യമില്ല. മനപ്പൊരുത്തമാണ് ഏറ്റവും വലിയ പൊരുത്തം.

ചതിയുടെയും വഞ്ചനയുടെയും നാൾവഴി ഇതിഹാസങ്ങളിലും കാണാം. മഹാഭാരതത്തിലെ വഞ്ചിക്കപ്പെട്ട കഥാപാത്രമായിരുന്നു കർണൻ. വിശ്വസിച്ച ദുര്യോധനന്റെ ജീവനൊപ്പം നിന്ന കർണനെ അമ്മ കുന്തി ചതിച്ചു. ഇന്ദ്രൻ വേഷം മാറി വന്ന് കവചകുണ്ഡലങ്ങൾ ഉൗരി വാങ്ങി ചതിച്ചു. നീ എൻെറ മകനാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയുമെന്ന് വാക്ക് നൽകിയ കുന്തീദേവിയെ കാണാതായപ്പോൾ കുരുക്ഷേത്ര ഭൂമിയിൽ മരണത്തോട് മല്ലടിച്ച് അമ്മാ അമ്മാ എന്ന് വാവിട്ട് കരഞ്ഞ കർണൻ ചതിയുടെ എക്കാലത്തെയും സമം വയ്ക്കാനാവാത്ത നൊമ്പരമാണ്.

മുപ്പത്തിമുക്കോടി ദേവൻമാരിൽ വിശ്വസിച്ചാലും നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഒരു പ്രയോജനവുമില്ലെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്.