മുടപുരം: കിഴുവിലം, കൂന്തള്ളൂർ വില്ലേജ് ഓഫീസുകൾ ഒരു കെട്ടിടത്തിൽ, ഒരു ഓഫീസായി പ്രവർത്തിക്കുന്നത് നാട്ടുകാർക്കും ജീവനക്കാർക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. രണ്ട് വില്ലേജുകൾ ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ് വില്ലേജുകളെ വേർതിരിച്ച് പ്രത്യേക വില്ലേജുകളായി വേർതിരിക്കാനുള്ള പ്രവർത്തനം പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയെങ്കിലും അത് പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി.
ഗ്രൂപ്പ് വില്ലേജ് ഓഫീസുകളിലെ തിക്കും തിരക്കും ഒഴിവാക്കാനാണ് ഗൂപ്പ് വില്ലേജുകളെ വേർതിരിക്കാൻ തീരുമാനിച്ചത്. ഇതിനായി 2004 -2005 സാമ്പത്തിക വർഷം നടപടി തുടങ്ങിയെങ്കിലും ചിറയിൻകീഴ് താലൂക്കിൽ ഇളമ്പ വില്ലേജിന് വേണ്ടി 2018ൽ പുതിയ മന്ദിരം നിർമ്മിക്കുക മാത്രമാണ് ഉണ്ടായത്.
കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമാണ് കിഴുവിലം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
വിസ്തൃതമായ ഭൂപ്രദേശമായതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും വില്ലേജ് ഓഫീസിൽ എത്തിച്ചേരാൻ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. അസൗകര്യങ്ങൾക്ക് നടുവിലുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. വസ്തു സംബന്ധമായ പോക്ക് വരവ്, കരമടയ്ക്കൽ തുടങ്ങി എല്ലാ കാര്യങ്ങൾക്കും പുറമേ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ക്ഷേമ പെൻഷനുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള 25ൽ പരം സർട്ടിഫിക്കറ്റുകൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യേണ്ടതുണ്ട്. ഇതിന് പുറമേ പ്രകൃതിക്ഷോഭം, തീപിടിത്തം, ദുരിതാശ്വാസ ക്യാമ്പ്, തിരഞ്ഞെടുപ്പുകൾ ഇവയിലെല്ലാം വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് സജീവമായ പങ്കുള്ളതാണ്. അതിനാൽ ഒരുദിവസം കുറഞ്ഞത് 150ൽ പരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യേണ്ടതായുണ്ട്. ഈ ജോലി ഭാരം നാട്ടുകാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കാനാണ് കൂന്തള്ളൂർ വില്ലേജിനായി പുതിയ മന്ദിരം നിർമ്മിച്ച് പ്രത്യേക ഓഫീസായി പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.