പാറശാല: കേരള തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിർത്തി മേഖലകളിലൂടെ കടന്ന് പോകുന്ന റോഡ് എന്നതിലുപരി തീരദേശത്തേക്കുള്ള റോഡ് എന്നത് കൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ളതും തിരക്ക് എറിയതുമാണ് പാറശാല പൊഴിയൂർ റോഡ്. ഈ റോഡിന് കുറുകെ കടന്ന് പോകുന്നതും നിർമ്മാണ പ്രവർത്തങ്ങൾ തുടർന്ന് വരുന്നതുമായ ബൈപ്പാസ് റോഡ് അഥവാ നിയുക്ത ദേശീയപാതയുടെ പ്രവർത്തനങ്ങളാണ് തീരദേശ റോഡിന്റെ തകർച്ചക്ക് കാരണമായി മാറിയിട്ടുള്ളത്. അടിയിലൂടെ കടന്ന് പോകുന്ന ബൈപാസ് റോഡിന് വേണ്ടി തീരദേശ റോഡിൽ നിർമ്മിച്ചിട്ടുള്ള പാലം ഗതാഗതത്തിനായി തുറന്ന് നൽകിയെങ്കിലും പാലത്തിന് ഇരുവശവും സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട നിർമ്മാണ കമ്പനി തയ്യാറാകുന്നില്ല. പാലത്തിന് ഇരുവശത്തുമായിട്ടുള്ള കുഴികളിൽ വീണ് പരിക്കേൽക്കുന്നവരും ഏറെയാണ്. നാട്ടുകാരുടെ പരാതി കേൾക്കാൻ നിർമ്മാണ കമ്പനി തയ്യാറാകുന്നില്ലെന്ന് മാത്രമല്ല റോഡ് ഗതാഗതം അപകട രഹിതമായി തീർക്കാർ തമിഴ്നാട് - കേരള സർക്കാരുകളും നടപടികൾ സ്വീകരിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി റോഡിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണത്തിനായി റോഡിന്റെ ഒരു വശത്തുള്ള തമിഴ്‌നാട് പ്രദേശത്തിലൂടെ ഗതാഗതം തിരിച്ച് വിട്ടിരിരുന്നു.പാലത്തിൻറെ നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയായ ശേഷം ഏറെ കാലം കഴിഞ്ഞിട്ടാണ് പാലം ഗതാഗതത്തിനായി തുറന്നത്. ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കാൻ കരാർ ഏറ്റെടുത്ത കമ്പനിക്ക് നിർദ്ദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.