ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസും ആരോഗ്യവകുപ്പും കൂടുതൽ ജാഗ്രത നടപടികളിലേക്ക്. ഇന്നലെ 66 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 17 പേരുടെ ഫലം പോസിറ്റീവ് ആയി. മണലി 6,​ ചാമവിള 6,​ ഠൗൺ വാർഡ് 2,​ ആർ.സി സ്ട്രീറ്റ് 1,​ പുള്ളിയിൽ 2 എന്നിങ്ങനെയാണ് വാർഡ് തലത്തിൽ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്ക്. രോഗം സ്ഥിരീകരിച്ചവരെ വെള്ളായണി കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്ത കണ്ടെയ്ൻമെന്റ് സോണുകളായ മണലി,​ ചാമവിള എന്നിവിടങ്ങളിലേക്കുള്ള പ്രവേശന വഴികൾ പൊലീസ് പൂർണ്ണമായും അടച്ചു. സമ്പർക്കംമൂലം എത്ര പേർക്ക് രോഗബാധയേറ്രുവെന്ന വിവര ശേഖരണവും സി.എച്ച്.സി ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബാലരാമപുരത്ത് ട്രിപ്പിൾ ലോക്ക് ‌ഡൗൺ നടപ്പാക്കണമെന്ന് സി.എച്ച്.സി അധികൃതർ സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ സ്പെഷ്യൽ സ്ക്രീനിംഗ് നടത്തിയാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നത്. ബാലരാമപുരത്തെ ആറ് കണ്ടെയ്ൻമെന്റ് സോണുകളിലെ താമസക്കാർക്ക് പുറത്ത് പോകാനോ പുറത്ത് നിന്നും വരുന്നവർക്ക് അകത്തേക്കോ പ്രവേശനാനുമതിയില്ല. വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പ്,​ പൊലീസ്,​ രാഷ്ട്രീയ പ്രതിനിധികളുമായി കൂടിയാലോചിച്ച് കൂടുതൽ ജാഗ്രത നടപടികളിലേക്ക് കടക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.